17
Jan 2024
Fri
17 Jan 2024 Fri

സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം കോഴിക്കോട്; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നില്‍. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.

54 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 197 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. 195 പോയിന്റുമായി തൃശ്ശൂരും കണ്ണൂരും ആണ് തൊട്ടുപിന്നിലുള്ളത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് 24 വേദികളില്‍ ആയി 59 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകവുമാണ് ഗ്ലാമര്‍ ഇനങ്ങള്‍. നാടകം, ഒപ്പന, നാടോടിനൃത്തം, ബാന്‍ഡ് മേളം ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഇന്ന് മത്സരം നടക്കും.

കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി. മല്‍സരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിള്‍ മല്‍സരങ്ങള്‍ വൈകിയതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇത്തവണയും സ്വര്‍ണ കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്. 15 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കൊല്ലത്ത് വിരുന്നെത്തുന്നത്. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും.