|
ചെന്നൈ: മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയായ എട്ടാം ക്ലാസുകാരനെ വിഷം കൊടുത്തുകൊന്ന സ്ത്രീയുടെ വീട് അടിച്ചുതകര്‍ത്തു. പുതുച്ചേരി കാരയ്ക്കൽ നെഹ്റു നഗർ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബാലമണികണ്ഠനെ (13) കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകർത്തത്. ഇതേ ക്ലാസിലെ വിദ്യാർഥിനിയുടെ അമ്മയാണ് വിക്ടോറിയ.
വീട്ടിലേക്കെത്തിയ അജ്ഞാതസംഘം വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠന്‍ മരിച്ചത്. സ്‌കൂളിലെ കാവല്‍ക്കാരന്‍ വഴിയാണ് പ്രതി വിഷം കലര്‍ത്തിയ ജ്യൂസ് നൽകിയത്. ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്. ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തു.
കുട്ടിയുടെ മൊഴിയനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായമേരി വിക്ടോറിയ എന്ന സ്ത്രീയാണ് സുരക്ഷാ ജീവനക്കാരന് ജ്യൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ബാലമണികണ്ഠൻ തന്റെ മകളേക്കാൾ മികച്ച മാർക്ക് നേടിയതിലും കലാമത്സരങ്ങളിൽ മികവ് തെളിയിച്ചതിലുമുള്ള അസൂയ മൂലമാണു വിഷം നൽകിയതെന്ന് ഇവർ പറഞ്ഞു.



