കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിലപാട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് എസ്ഡിപിഐ ദേശീയ നേതാക്കള്‍ കേരളത്തിലെത്തി. കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തു. ( SDPI national leaders in kerala to discuss election strategy )
|
ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം സിപിഎ ലത്തീഫ്, ദേശീയ പ്രവര്‍ത്തകസമിതി അംഗം ദഹലാന്‍ ബാഖവി തുടങ്ങിയര്‍ തൃശൂരിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന നേതാക്കള്‍ക്കു പുറമേ ജില്ലാ ഭാരവാഹികളും ചര്‍ച്ചയില്‍ സംബന്ധിച്ചു.
രാവിലെ തുടങ്ങിയ യോഗം അര്‍ധരാത്രിക്കു ശേഷവും നീണ്ടു. എസ്ഡിപിഐ പിന്തുണ യുഡിഎഫ് തള്ളിയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ചയായത്.

തിരഞ്ഞെടുപ്പ് സ്ട്രാറ്റജി സംബന്ധിച്ച് മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം തേടിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നത്. ബ്രാഞ്ച് തലം മുതലുള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം കൈക്കൊള്ളുക. യുഡിഎഫ് തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ചില സ്ഥാനാര്‍ഥികളെയെങ്കിലും തോല്‍പ്പിക്കണമെന്ന പൊതുവികാരമാണ് അണികള്‍ക്കിടയിലുള്ളത്. പാര്‍ട്ടിയോട് കടുത്ത വിരോധം വച്ചുപുലര്‍ത്തുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയായേക്കും.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാനാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ നീക്കം. ഇതിനായി രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നാണ് അറിയുന്നത്.
ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യത സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അഭിപ്രായ വോട്ടെടുപ്പുകളെടെയും താഴേത്തട്ടില്‍ നിന്ന് അതത് മണ്ഡലത്തിലെ കമ്മിറ്റികള്‍ ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടങ്ങളിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.


