മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് എസ്ഡിപിഐ നേതാക്കള്‍. (SDPI’s stand in Nilambur tomorrow; Adv. Sadiq Naduthodi to be considered as candidate) പാര്‍ട്ടിയുടെ നിലപാട് ചൊവ്വാഴ്ച ബംഗളൂരുവില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനിക്കും.
|
ബുധനാഴ്ച ഇത് സംബന്ധിച്ച് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ് പ്രഖ്യാപനം നടത്തും. ഏതെങ്കിലും മുന്നണിയെ പിന്തുണക്കേണ്ടതില്ലെന്നും പാര്‍ട്ടി മത്സരിക്കണമെന്നുമാണ് പ്രാദേശികമായി പ്രവര്‍ത്തകരുടെ വികാരം.
ALSO READ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയം സജീവമായ വേളയില്‍ പാര്‍ട്ടി മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് അതില്‍ നിന്ന് പിറകോട്ടടിച്ചു. എന്നാല്‍, ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന സൂചന പുറത്തു വന്നതോടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥി ഉണ്ടാവണമെന്ന അഭിപ്രായമാണ് ജില്ലാ കമ്മിറ്റിക്കുള്ളത്.
ആര്യാടന്‍ ഷൗക്കത്തിനോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള വിയോജിപ്പ് വോട്ടാക്കി മാറ്റാമെന്ന നിഗമനത്തിലാണ് എസ്ഡിപിഐ. മണ്ഡലത്തിലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും ആര്യാടനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് താല്‍പര്യമില്ല.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കെപിസിസി ഹൈക്കമാന്‍ഡിന് പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പരിഗണിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു.
അതേസമയം സംസ്ഥാന, ദേശീയ വിഷയങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. ഒടുവില്‍ 2017ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. തുടര്‍ന്ന് നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ല. പാലക്കാട്ട് യു.ഡി.എഫിനെ പിന്തുണച്ച എസ്.ഡി.പി.ഐ ചേലക്കരയില്‍ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയായെങ്കിലും പിന്നീട് വി.ഡി. സതീശനും എം.എം. ഹസനുമടക്കം പരസ്യമായി തള്ളിപ്പറഞ്ഞതാണ് എസ്.ഡി.പി.ഐയെ ചൊടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വഞ്ചനപരമായ സമീപനത്തില്‍ പ്രവര്‍ത്തകരില്‍ പ്രതിഷേധമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ 4751ഉം 2021ല്‍ 3281ഉം വോട്ടുകള്‍ എസ്.ഡി.പി.ഐ നേടിയിരുന്നു.
അതേ സമയം, ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു.
നിലമ്പൂരില്‍ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാര്‍ത്ഥികളെ നോക്കി ആവശ്യമാണെങ്കില്‍ മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യന്‍ സമൂഹത്തെ തഴയുകയാണെങ്കില്‍ പുനരാലോചിക്കാനും സാധ്യതയേറെയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





