25
Jan 2024
Fri
25 Jan 2024 Fri

ക്രിസ്മസ്- പുതുവത്സര ബമ്പറില്‍ ഒരു കോടി അടിച്ചത് 7 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന തമിഴ് തൊഴിലാളിക്ക്; ഇമ്പദുരൈയുടെ ആഗ്രഹങ്ങള്‍ ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ഭാഗ്യം ലഭിച്ചത് ഏഴു വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന തമിഴ് തൊഴിലാളിക്ക്. മലയാറ്റൂര്‍ നീലിശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈ ആണ് പെട്ടെന്ന് കോടീശ്വരനായത്. കൊറ്റമം കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇമ്പദൂരൈ.

കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസില്‍ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. അതില്‍ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങള്‍ നേരത്തെ കിട്ടിയിട്ടുണ്ട്.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്ക് കാലടി ശാഖയില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കടൈവാങ്കലില്‍ ചെറിയ വീട്ടിലാണ് ഇമ്പദുരൈയും കുടുംബവും താമസിക്കുന്നത്. അമ്മയും സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. പിതാവ് നേരത്തെ മരിച്ചു. പണം കിട്ടിയാല്‍ നാട്ടില്‍ ഒരു വീട് വയ്ക്കണമെന്നും സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്നുമാണ് ഇമ്പദുരൈയുടെ ആഗ്രഹം.

ഏഴ് വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു. കൊറ്റമത്തെ കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ആറ് വര്‍ഷം മുന്‍പ് ഹെല്‍പര്‍ ആയാണ് ജോലി ആരംഭിച്ചത്. ഇപ്പോള്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ആണ്. കാലടിയിലെ എബിന്‍ ലക്കി സെന്ററില്‍ നിന്നാണ് ഇമ്പദുരൈക്ക് ലോട്ടറി നല്‍കിയ പൗലോസ് ടിക്കറ്റുകള്‍ വാങ്ങിയത്. 20 പേര്‍ക്കാണ് ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ലഭിക്കുന്നത്.