അബുദാബി: കുട്ടികള്‍ക്കെതിരേ ഓണ്‍ലൈന്‍ ലൈംഗികചൂഷണങ്ങള്‍ നടത്തിയതിന് അബുദാബി കോടതി എട്ടുപേര്‍ക്കു ശിക്ഷവിധിച്ചു. മൂന്നുമുതല്‍ 15 വര്‍ഷംവരെ തടവും 10 ലക്ഷം ദിര്‍ഹം (ഏകദേശം 2.40 കോടി രൂപ) വരെ പിഴയും വിധിച്ചിട്ടുണ്ട്.
|
കുറ്റം ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനും കോടതി ഉത്തരവിട്ടു. പ്രതികളില്‍ മൂന്നുപേരെ ശിക്ഷ പൂര്‍ത്തിയാക്കുന്നതോടെ നാടുകടത്താനും വിധിച്ചു.
ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രായപൂര്‍ത്തിയാകാത്തവരെ പ്രലോഭിപ്പിച്ചായിരുന്നു പ്രതികള്‍ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയമാക്കിയത്. അശ്ലീല വീഡിയോ കൈമാറിയതും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കൈവശം വെക്കുകയും കൈമാറുകയും ചെയ്ത പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇവരെ ശിക്ഷിച്ചത്.
കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിവന്ന നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സാമൂഹികമാധ്യമങ്ങളിലൂടെ അപരിചിതരുമായി ഇടപഴകുന്നതിനെതിരേയും വ്യക്തിഗത വിവരങ്ങളടക്കം കൈമാറുന്നതിനെതിരേയും അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം നിരീക്ഷിക്കണം. സാമൂഹികമാധ്യമങ്ങളിലൂടെയോ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെയോ അജ്ഞാതരില്‍നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നല്‍കണം. ബ്ലാക്ക്മെയിലിങ്ങിന് ഇരയായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളെ ബോധവത്കരിക്കണം -അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.





