ചെന്നൈ: സീരിയല്‍ താരം രാഹുല്‍ രവിയ്ക്കെതിരെ ചെന്നൈ പോലിസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയിരിക്കുന്ന പരാതിയെ തുടര്‍ന്നാണിത്. രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ചെന്നൈ പോലീസിന്റെ എഫ്ഐആറില്‍ നിന്നാണ് ലക്ഷ്മി-രഹുല്‍ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലക്ഷ്മി പിടികൂടിയതായും പോലീസ് പറയുന്നു.
|
സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. കൂടാതെ 2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പോലീസിനും അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതായും പറയുന്നുണ്ട്. 2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിനു ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം.
മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തമിഴ് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് രാഹുലിന്റെ ആരോപണം. ഇത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.
മോഡലിങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലില്‍ പ്രധാന കഥാപാത്രമായി എത്തി തെന്നിന്ത്യയിലും രാഹുല്‍ ശ്രദ്ധേയനായി. ഇപ്പോള്‍ സണ്‍ ടിവിയില്‍ ‘കണ്ണാണകണ്ണേ’ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.


