കൊച്ചി: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം. (Shahbaz murder: All accused students granted bail) ആറ് വിദ്യാര്‍ഥികള്‍ക്കാണ് ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.
|
കോടതി ഇടപെടലിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം നേടാന്‍ നേരത്തെ അവസരം ലഭിച്ചിരുന്നു. മൂന്നുപേര്‍ താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മറ്റുള്ളവര്‍ കോഴിക്കോട് നഗരത്തിലെ മറ്റു സ്‌കൂളുകളിലുമാണ് പഠനം തുടരുക.
വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നേരത്തെ ഹൈകോടതിയുടെ ഉത്തരവുണ്ടായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കുറ്റാരോപിതരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ (15) ഒരു സംഘം വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.
സംഘര്‍ഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛര്‍ദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് ഒന്നിനായിരുന്നു അന്ത്യം.


