പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നി മുറിഞ്ഞകല്ലില്‍ 19 കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകനെതിരെ ഞെട്ടിക്കുന്ന ആരോപണം. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും വിദ്യാര്‍ഥികളുടെ അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ ആരോപിച്ചു.
|
നിരവധി വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ഡേറ്റിങിന് റൂമിലേക്ക് വിളിക്കും. ഹോട്ടലില്‍ മുറിയെടുത്താണ് ഡേറ്റിങിന് വിളിക്കുക. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് അധ്യാപകന് മകള്‍ നല്‍കിയ മറുപടി. ഇങ്ങനെ നോ പറഞ്ഞതിന്റെ പേരില്‍ അധ്യാപകന്‍ മകളോട് പ്രതികാരം ചെയ്യാന്‍ തുടങ്ങി. മൂന്ന് ദിവസം മുമ്പ് ക്ലാസില്‍ വരേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞു. അമ്മയോട് എന്നെ വിളിക്കാന്‍ പറയൂ എന്നാണ് മകളോട് അധ്യാപകന്‍ പറഞ്ഞത്. ഫോണ്‍ വിളിച്ചപ്പോള്‍ വാട്‌സാപ്പ് ഉള്ള ഫോണ്‍ എടുത്തൂടെ എന്നായിരുന്നു അധ്യാപകന്റെ ചോദ്യം എന്നും രാജി പറഞ്ഞു. അധ്യാപകന് വിദ്യാര്‍ഥി എന്നോ അമ്മമാര്‍ എന്നോ വ്യത്യാസമില്ല. അമ്മമാരുടെ വാട്‌സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യുന്നതും പതിവാണന്നെും രാജി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് 19 വയസുകാരി ചിറ്റാര്‍ സ്വദേശിനി ഗായത്രി മരിച്ചത്. അടൂരിലെ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)
Shocking allegations against teacher in 19-year-old girls death


