ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളിൽ ബിജെപിയുടെ നിശബ്ദ പിന്തുണയെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രൈസ്തവർക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നു. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചർച്ച ചെയ്തില്ല. സഭാ തർക്കത്തിലെ നിയമനിര്‍മാണത്തിലെ ആശങ്ക സർക്കാരിനെ അറിയിച്ചു. കേരളത്തില്‍ മതസൗഹാർദം നിലനിർത്താന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുമെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പറഞ്ഞു.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമടക്കമുള്ളവർ ബിജെപിയെ അനുകൂലിച്ച് രംഗത്തെത്തുമ്പോഴാണ് രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാധ്യക്ഷന്റെ പ്രതികരണം.
മോദി നല്ല നേതാവാണെന്നും ഇന്ത്യയിൽ ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവർ യാതൊരുവിധത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്നുമായിരുന്നു സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാദം. ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് പ്രശ്നമാണെന്ന് ചിലർ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല.
ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മുസ്ലിങ്ങളെ ഇല്ലാതാക്കുമെന്ന് അവർ കരുതുന്നുണ്ടാവാം. മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റ് സമുദായങ്ങളെ അടിച്ചമർത്തുന്നതിനാലാണ് അവർ അങ്ങിനെ ചിന്തിക്കാൻ കാരണമെന്നും ആലഞ്ചേരി ആരോപിച്ചു. ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ആലഞ്ചേരി രംഗത്തുവന്നത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ആലഞ്ചേരിയുടെ വിവാദ പരാമർശങ്ങൾ.





