27
Oct 2025
Thu
27 Oct 2025 Thu
digital media extortion

ഭോപ്പാല്‍: ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവര്‍ക്ക് വലിപ്പ ചെറപ്പമില്ല. സാധാരണക്കാര്‍ മുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ വരെ പണം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍, ഡിജിറ്റല്‍ ലോകത്തെ കുറിച്ച് അത്യാവശ്യം വിവരമുണ്ടെന്ന് കരുതുന്നവര്‍ കൂടി ഇത്തരക്കാരുടെ വലയില്‍ വീഴുന്നു എന്നതാണ് കൗതുകകരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമില്‍ 57 മില്യണ്‍ (5.7 കോടി) ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറിന് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 50 ലക്ഷത്തോളം രൂപയാണ്. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി അസിം അഹമ്മദിനാണ് അരക്കോടി രൂപ പോയത്.

അക്കൗണ്ടുകള്‍ ‘സ്‌ട്രൈക്ക്’ ചെയ്യുമെന്നും ‘വിലക്കേര്‍പ്പെടുത്തുമെന്നും’ ഭീഷണിപ്പെടുത്തിയാണ് 28കാരനായ അസിം അഹമ്മദില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്. സംഭവത്തില്‍ ജബല്‍പുര്‍ പൊലീസ് സൈബര്‍ സെല്ലില്‍ അസിം അഹമ്മദ് പരാതി നല്‍കി.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറില്‍ നിന്ന് ഡിജിറ്റല്‍ സംരംഭകനായി മാറിയ അസിം പിന്നീട് തന്റെ ഓണ്‍ലൈന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. 2017ല്‍ സൃഷ്ടിച്ച ആദ്യ ഇന്‍സ്റ്റഗ്രാം പേജ് 2021ലെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് വന്‍ പ്രചാരം നേടി. പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് വൂപ്പി ഡിജിറ്റല്‍ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു.

ALSO READ: ഫ്രഷ് കട്ട് സമരത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത് എസ്ഡിപിഐ തന്നെ, മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്’- ആരോപണം ആവര്‍ത്തിച്ച് സിപിഎം

ഒരു വര്‍ഷമായി തനിക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്കുകളും ഭീഷണികളും വന്നുകൊണ്ടിരിക്കുകയാണെന്ന് അസിം പറയുന്നു. അസിമിന്റെ പോസ്റ്റുകള്‍ തങ്ങളുടെ കണ്ടന്റുകളാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നഷ്ടമാവുന്ന അവസ്ഥയെത്തുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഉപജീവനമാര്‍ഗം തടസ്സപ്പെടുമെന്ന പേടിയെ തുടര്‍ന്ന് തട്ടിപ്പുകാര്‍ക്ക് അസിം തുടര്‍ച്ചയായി പണം നല്‍കാന്‍ നിര്‍ബന്ധിതനായി. പല തവണയായി ആകെ 50 ലക്ഷത്തോളം രൂപയാണ് യുവാവിന് നഷ്ടമായത്. ഭീഷണികള്‍ പിന്നീട് ഫോണ്‍ കോളിലൂടെയും ഇന്‍സ്റ്റഗ്രാം സ്‌ട്രൈക്ക് ചൂണ്ടിക്കാട്ടിയുള്ള വ്യാജ ഇ- മെയിലുകളിലേക്കും മാറിയെന്നും അസിം വ്യക്തമാക്കുന്നു. മധ്യസ്ഥര്‍ എന്ന് അവകാശപ്പെട്ട് വിളിച്ച ചിലര്‍, സ്‌ട്രൈക്ക് ഒഴിവാക്കുന്നതിന് ആവശ്യപ്പെട്ടത് 25,000 മുതല്‍ 30,000 രൂപ വരെയാണെന്നും അസിം പറയുന്നു.

അതേസമയം, അസീമിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത് സ്ഥിരീകരിച്ച ജബല്‍പുര്‍ സൈബര്‍ സെല്‍ ഇന്‍-ചാര്‍ജ് നീരജ് നേഗി, വ്യാജ കണ്ടന്റ് സ്‌ട്രൈക്ക് ഭീഷണിയാല്‍ തട്ടിപ്പുകാര്‍ പണം തട്ടുന്ന സംഭവം ഈ സിറ്റിയില്‍ ആദ്യത്തേതാണെന്നും വ്യക്തമാക്കി.

‘ഇത് പുതിയ കാലത്തെ സൈബര്‍ കുറ്റകൃത്യ പ്രവണതയാണ്. തട്ടിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമിന്റെ ഓട്ടോമേറ്റഡ് കണ്ടന്റ് സിസ്റ്റങ്ങളെ ചൂഷണം ചെയ്യുന്നു. ഒരു ഉപയോക്താവിന് ഒന്നിലധികം വ്യാജ സ്‌ട്രൈക്കുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടും. ഈ വ്യാജ വിലക്കുകള്‍ എങ്ങനെയാണ് ആരംഭിക്കുന്നതെന്നും അവയ്ക്ക് പിന്നില്‍ ആരാണെന്നും കണ്ടെത്താന്‍ ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാം ടീമുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’- നേഗി കൂട്ടിച്ചേര്‍ത്തു.