ചണ്ഡീഗഢ്: ഉറക്കത്തിനിടെ സഹപ്രവർത്തകരെ വെടിവച്ച് കൊന്ന സൈനികൻ അറസ്റ്റിൽ. പഞ്ചാബിലെ ബതിണ്ട മിലിട്ടറി സ്റ്റേഷനിലെ മോഹൻ ദേശായ് ആണ് അറസ്റ്റിലായത്. ഉറങ്ങിക്കിടക്കവെ നാല് സൈനികരെയാണ് മോഹൻ വെടിവച്ച് കൊലപ്പെട്ടുത്തിയത്. കുറ്റം സമ്മതിച്ച പ്രതി വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസിന് മൊഴി നൽകി.
|
സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് ജവാന്മാരെ ഞായറാഴ്ച ചോദ്യം ചെയ്തതായി പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷിയായ മേജർ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഏപ്രിൽ 12നായിരുന്നു സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. വിഘടനവാദി സിഖ് നേതാവ് അമൃത്പാൽ സിങ്ങിനും അയാളുടെ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’യ്ക്കും എതിരായ നടപടികളുടെ പ്രതികാരമെന്നാണ് ആദ്യം കരുതിയതെങ്കിലും സംഭവത്തിന് ഖാലിസ്ഥാൻ നേതാവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറസ്റ്റ് സൂചിപ്പിക്കുന്നത്.
പുലർച്ചെ 4.30നാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തതെന്നും കുർത്തയും പൈജാമയുമണിഞ്ഞ മുഖംമൂടിധാരികളായ ചില അജ്ഞാതരെ കണ്ടതായും എഫ്ഐആറിൽ പറയുന്നു. ഇവരിൽ ഒരാളുടെ പക്കൽ ഐഎൻഎസ്‌എഎസ് റൈഫിളും മറ്റൊരാളുടെ കൈയിൽ കോടാലിയുമുണ്ടായിരുന്നു.
തുടർന്ന് ഇവർ മിലിട്ടറി സ്റ്റേഷന് സമീപമുള്ള കാട്ടിലേക്ക് ഓടിപ്പോയതായും എഫ്ഐആറിൽ പറയുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ 20ന് മുകളിൽ മാത്രം പ്രായമുള്ള നാല് ജവാന്മാരെയും മുറികളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, സംഭവത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിശദീകരണം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





