22
Aug 2022
Thu
22 Aug 2022 Thu
 
പന്ത്രണ്ടാം വയസ്സിൽ ബലാൽസം​ഗത്തിലൂടെ ഗർ​ഭിണിയാവുകയും തനിക്കു ജന്മം നൽകുകയും ചെയ്ത അമ്മയ്ക്കു നീതി ലഭ്യമാക്കാൻ നിയമപോരിനിറങ്ങി മകൻ. ഉത്തർപ്രദേശിലാണ് സംഭവം. 1994ലാണ് പന്ത്രണ്ടുകാരിയെ രണ്ടു സഹോദരങ്ങൾ ചേർന്ന് ആറുമാസക്കാലം ബലാൽസം​ഗം ചെയ്തത്.
 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
 
ഇങ്ങനെ ​ഗർഭിണിയായ പെൺകുട്ടി ​ആൺകുഞ്ഞിന് ജന്മംനൽകി. ജനിച്ചതിനു പിന്നാലെ കുഞ്ഞിനെ ദത്തുനൽകിയെങ്കിലും 13 വർഷത്തിനു ശേഷം മകൻ അമ്മയുടെ അരികിൽ തിരികെയെത്തി. വീട്ടിലെത്തിയ മകനാണ് അമ്മയ്ക്ക് നീതി കിട്ടാൻ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്. പൊലീസിൽ പരാതി നൽകി മുന്നോട്ടു നീങ്ങിയതോടെ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടാമനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 
 
 
1994ൽ ഷാജഹാൻപൂറിലാണ് 12 കാരി മാസങ്ങളോളം ബലാൽസം​ഗത്തിനിരയായത്. പെൺകുട്ടി വീട്ടിൽ തനിച്ചാവുന്ന സമയത്തൊക്കെ അയൽവാസികളായ മുഹമ്മദ് റാസിയും സഹോദരൻ നാഖി ഹസനും മതിൽചാടി വീട്ടിലെത്തി ബലാൽസം​ഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
 
 
പെൺകുട്ടിക്ക് സുഖമില്ലാതായതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ​ഗർഭിണിയാണെന്നറിയുന്നത്. പെൺകുട്ടിയുടെ ജീവൻ അപകടത്തിലാവുമെന്നതിനാൽ ​ഗർഭഛിദ്രം അസാധ്യമായി. പ്രതികളിൽ നിന്ന് പ്രതികാരനടപടി ഉണ്ടാവുമെന്ന ഭയംമൂലം കുടുംബം പരാതി നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ പെൺകുട്ടി പ്രസവിച്ചു. പക്ഷേ മകളെ കുഞ്ഞിനെ കാണിക്കാൻ പോലും കുടുംബം തയ്യാറായിരുന്നില്ല.
 
 
ഇതിനിടെ പെൺകുട്ടിയുടെ പഠനം മുടങ്ങി. കുടുംബം റാംപൂറിലേക്ക് താമസം മാറി. 2000ൽ പെൺകുട്ടിയെ വിവാഹം ചെയ്തയ്ക്കുകയും മറ്റൊരു കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ആറുവർഷത്തിനു ശേഷം ഭർത്താവ് ബലാൽസം​ഗവിവരം അറിയുകയും യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. 
 
 
ഈ സമയം തന്നെയാണ് ദത്തെടുത്തവർ കുഞ്ഞിനെ 13 വർഷത്തിനു ശേഷം യുവതിയുടെ കുടുംബത്തെ തിരികെയേൽപ്പിക്കുന്നത്. താൻ ദത്ത് നൽകപ്പെട്ടതാണെന്ന് നാട്ടുകാരുടെ പരിഹാസത്തിലൂടെ അറിഞ്ഞതോടെ 13കാരൻ അമ്മയെ കുറിച്ച് ദത്തെടുത്ത ദമ്പതികളോട് തിരക്കുകയും ഇവർ തിരിച്ചുനൽകുകയുമായിരുന്നു.
 
 
അച്ഛനാരെന്ന ചോദ്യം മകൻ നിരന്തരം ആവർത്തിച്ചതോടെയാണ് വർഷങ്ങൾക്കു ശേഷം അമ്മ താൻ നേരിട്ട ദുരനുഭവം മകനോട് വിവരിച്ചത്. മകന്റെ പിന്തുണയോടെ 2020ൽ യുവതി ഷാജഹാൻപൂരിൽ തിരികെയെത്തി. പൊലീസിനെ സമീപിച്ച് പരാതി നൽകിയെങ്കിലും മൂന്നുപതിറ്റാണ്ടിനു മുമ്പുള്ള സംഭവമായതിനാൽ അവർ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് യുവതി അഭിഭാഷകനെ കണ്ട് വിഷയം അവതരിപ്പിച്ചു.
 
 
ഷാജഹാൻപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹരജി നൽകുകയും കോടതി ഉത്തരവിൽ 2021 മാർച്ചിൽ പൊലീസ് പ്രതികൾക്കെതിരേ കേസെടുക്കുകയും ചെയ്തു. യുവതിയുടെ മകന്റെയും പ്രതികളുടെയും ഡിഎൻഎ സാംപിളുകൾ പരിശോധിച്ച പൊലീസ് പ്രതികളിലൊരാളുടെ സാംപിളും യുവതിയും മകന്റെ സാംപിളും യോജിച്ചതായി കണ്ടെത്തി. ഇതോടെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അതേസമയം, നീതി വൈകാതെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യുവതിയുള്ളത്.