02
Dec 2023
Thu
02 Dec 2023 Thu

ഇടുക്കി മൂലമറ്റം ചേറാടിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ട മകനെ മരിച്ചനിലയിൽ കണ്ടെത്തി. ചേറാടി കീരിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമണി (65) എന്നിവരെ വെട്ടിക്കൊന്ന കേസിലെ പ്രതി അജേഷി(36)നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നച്ചാർപുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാവിലെയാണ് ഇയാൾ മാതാപിതാക്കളെ ആക്രമിച്ചത്. അജേഷിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. മൂലമറ്റം-ചേറാടി-കോട്ടമല റോഡിന് താഴെ ഭാഗത്താണ് കുമാരനും തങ്കമണിയും മകനുമൊത്ത് താമസിച്ചിരുന്നത്. കുമളിയിൽ ഭാര്യവീട്ടിലായിരുന്ന അജേഷ് ഞായറാഴ്ചയാണ് ഈ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ അജേഷ് മദ്യലഹരിയിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ വീണ് തല പൊട്ടി. ബന്ധുക്കൾ അജേഷിനെ രാത്രിയിൽ മൂലമറ്റത്തെ ആശുപത്രിയിൽ എത്തിച്ചു. തിരിച്ച് രാത്രി 12-ഓടെ ഇയാളെ വീട്ടിലെത്തിച്ചാണ് ബന്ധുക്കൾ പോയത്. അതിനുശേഷമാണ് കൊലപാതകം നടന്നത്.

രാവിലെ വീട്ടിൽനിന്ന് തങ്കമണിയുടെ ഞരക്കം കേട്ടാണ് ബന്ധുക്കൾ എത്തിയത്. തങ്കമണിയെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ വീട്ടിനുള്ളിലെ തറയിലും കുമാരനെ കൊല്ലപ്പെട്ട നിലയിൽ കട്ടിലിലുമാണ് കണ്ടെത്തിയിരുന്നത്. തങ്കമണിയെ ആംബുലൻസിൽ തൊടുപുഴ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈസമയം അജേഷ് വീട്ടിൽ ഇല്ലായിരുന്നു. വീട്ടിനടുത്തുള്ള റോഡിൽ ഇയാളുടെ ഇരുചക്രവാഹനം കണ്ടെത്തി.

അറക്കുളം അശോകക്കവലയിലെ സ്ഥാപനത്തിൽ പന്തൽ പണിക്കാരാനാണ് അജേഷ്. ഇയാൾ 2010-ൽ ഒരു പോക്സോ കേസിൽ പ്രതിയായിരുന്നു. അജേഷിന്റെ ഭാര്യയും നാലുവയസ്സുള്ള മകളും രണ്ടുമാസമായി കുമളിയിലെ സ്വന്തംവീട്ടിലാണ്. പുളിയന്മലയിലാണ് ഏതാനും ദിവസമായി അജേഷിന് ജോലി. അതിനാൽ ഭാര്യയുടെ വീട്ടിൽനിന്ന് പോയിവരുകയായിരുന്നു. ശനിയാഴ്ച ജോലികഴിഞ്ഞ് മടങ്ങിയതാണ്. കുമാരന്റേയും തങ്കമണിയുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക