‘തളരില്ല, തളര്‍ത്താന്‍ പറ്റുകയും ഇല്ല’; ചിത്രയെ വിമര്‍ശിച്ചതിന്റെ പേരിലുള്ള സൈബറാക്രമണത്തില്‍ പ്രതികരിച്ച് സൂരജ് സന്തോഷ്
|
കൊച്ചി: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച പ്രശസ്ത ഗായിക കെ.എസ് ചിത്രയെ വിമര്‍ശിച്ചതിന്റെ പേരിലുള്ള സൈബറാക്രമണത്തോട് പ്രതികരിച്ച് ഗായകന്‍ സൂരജ് സന്തോഷ്. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തരം സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നതെന്നും മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സൂരജ് സന്തോഷിന്റെ പ്രതികരണം.
‘കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബര്‍ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നല്‍കുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’ അദ്ദേഹം കുറിക്കുന്നു.
നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്. ചിത്രയുടെ ആഹ്വാനത്തെയാണ് സൂരജ് വിമര്‍ശിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍നിന്ന് സൂരജ് സൈബര്‍ ആക്രമണം നേരിട്ട് തുടങ്ങിയത്. വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് സൂരജ് സന്തോഷ് പറഞ്ഞു. എന്നാല്‍ ഞാന്‍ ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. ഞാന്‍ കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത് സൂരജ് സന്തോഷ് വ്യക്തമാക്കി.
സൂരജിന്റെ കുറിപ്പ് വായിക്കാം


