തിരുവനന്തപുരം: ഗുരുതര ചട്ടലംഘനം നടത്തിയ പത്തനംതിട്ട എസ്പി സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് സാധ്യത.(SP Sujit Das to be suspended) സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസിനെതിരായ റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറി.
|
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. ഈ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സംസ്ഥാന പോലീസിലെ പല ഉന്നതരും വെട്ടിലായിരിക്കുകയാണ്.
എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ്, പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയില്‍ സര്‍വ്വശക്തനായിരുന്ന പി വിജയനെ നശിപ്പിച്ചത് എം ആര്‍ അജിത് കുമാര്‍ ആണ്. കേസിലുള്‍പ്പെട്ട മറുനാടന്‍ മലയാളി ചീഫ് ഷാജന്‍ സ്‌കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തില്‍ വ്യക്തമാണ്.
സേനയില്‍ അജിത് കുമാര്‍ സര്‍വ്വശക്തനാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം ആര്‍ അജിത് കുമാര്‍ ആണ്. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തിയെന്നും സുജിത് ദാസ് പറയുന്നുണ്ട്.
മരംമുറി കേസ് അട്ടിമറിക്കാന്‍ ഡിഐജി അജിത ബീഗവും ഇടപെട്ടു
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് അട്ടിമറിക്കാന്‍ ഉന്നതരുടെ ഇടപെടല്‍. ഡിഐജി അജിത ബീഗവും പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എസ്പി സുജിത്ത് ദാസിന്റെ വെളിപ്പെടുത്തല്‍.
പിവി അന്‍വറിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത് ഡിഐജി അജിതാ ബീഗമാണ്. പി വി അന്‍വറിനോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്ന് ഡിഐജി പറഞ്ഞതായും അല്ലെങ്കില്‍ പ്രശ്നമാകുമെന്നും പറഞ്ഞതായാണ് സുജിത് ദാസിന്റെ വെളിപ്പെടുത്തല്‍.


