24
Jun 2025
Wed
24 Jun 2025 Wed
scooter accident

തിരുവല്ല: അതിവേഗം കുതിച്ചെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ച് 59കാരന് ദാരുണാന്ത്യം. (Speeding bike hits scooter; scooter rider dies after mirror wire pierces chest) നെഞ്ചില്‍ കമ്പി തുളച്ചുകയറിയാണ് തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം തെക്കേകുറ്റ് വീട്ടില്‍ എന്‍.വി. ബെന്നി മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല – മാവേലിക്കര റോഡില്‍ ബി.എസ്.എന്‍.എല്‍ ഭവന് മുമ്പിലായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം.സി റോഡ്-തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വണ്‍വേയില്‍ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പോയ ബൈക്കിന്റെ റിയര്‍വ്യൂ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചില്‍ തുളച്ച് കയറി. നെഞ്ചില്‍ മാരകമായ മുറിവേറ്റ ബെന്നിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ALSO READ: കണ്ണൂരില്‍ വീണ്ടും ഭീതിവിതച്ച് തെരുവ് നായ; 11 പേര്‍ക്ക് കടിയേറ്റു

തിരുവല്ല നഗരത്തിലെ ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി ബെന്നി വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ബെന്നി തുകലശ്ശേരിയിലെ ഭാര്യവീട്ടിലായിരുന്നു താമസം.

അപകടത്തില്‍ നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികനായ മിത്രക്കേരി പുതുക്കേരി തട്ടകത്തില്‍ പുത്തന്‍ചിറയില്‍ ജ്യോതിസ് (19) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു.