കോഴിക്കോട്: കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളിലും അനുഭാവികള്‍ക്കിടയിലുമുള്ള എതിര്‍പ്പ് പൊട്ടിത്തെറിയിലേക്ക്. ( Sreejith Panicker facebook post against K Surendran ) മനുഷ്യരെ വട്ടംകറക്കുന്ന കുത്തിത്തിരിപ്പ് മാത്രമാണ് കെ സുരേന്ദ്രന്റെ കൈമുതലെന്ന രൂക്ഷ പരിഹാസവുമായി സംഘ്പരിവാര്‍ സഹയാത്രികനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. ‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്ന അഭിസംബോധനയോടെയാണ് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘കള്ളപ്പണിക്കര്‍’ എന്ന് സുരേന്ദ്രന്‍ ആക്ഷേപിച്ചതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ കടന്നാക്രമണം. ഈ ഫേസേബുക്ക് പോസ്റ്റിന് താഴെ വരുന്ന സംഘ പരിവാര പ്രവര്‍ത്തകരുടെ കമന്റുകള്‍ മുഴുവന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ ഉള്‍പ്പെടുന്ന സംഘപരിവാര നേതൃത്വത്തിന് എതിരാണ്.
|
‘മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നല്ല കലിപ്പുണ്ടാകുക സ്വാഭാവികമാണ്. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല’ – ശ്രീജിത്ത് കുറിച്ചു.
അനാവശ്യമായി ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചതെന്നും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തെ പരാമര്‍ശിച്ച് കൊണ്ട് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവെച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത സുരേന്ദ്രനും കിട്ടുമെന്നും അല്ലെങ്കില്‍ പതിവുപോലെ കെട്ടിവെച്ച കാശു പോകുമെന്നും ഓര്‍മിപ്പിക്കുന്ന പോസ്റ്റിനൊപ്പം തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രം അടിക്കുറിപ്പ് സഹിതമുണ്ട്.
പോസ്റ്റിന് താഴെ ഒരു സംഘപരിവാര പ്രവര്‍ത്തകന്റെ കമന്റ് ഇങ്ങിനെയാണ്: ”തീര്‍ച്ചയായും ഉള്ളിയും കൂട്ടുകാരും അതിനു ശ്രമിച്ചിരുന്നു പക്ഷേ സുരേഷ് ഗോപിയുടെ ജനപിന്തുണ എല്ലാം തകര്‍ത്തു മുന്നേറി. കേരളത്തില്‍ ബിജെപിയുടെ വിജയത്തിന് എന്നും വിലങ്ങു വെക്കുന്നവരാണ് മുരളീധരനും സുരേന്ദ്രനും അവരുടെ ചില സില്‍ബന്ധികളും. ശോഭ സുരേന്ദ്രനെ തരംതാഴ്ത്തിയതും ഈ കൂട്ടുകെട്ട് തന്നെ”
ശ്രീജിത്ത് പണിക്കര്‍ക്കെതിരെ കെ. സുരേന്ദ്രന്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടിയുമായി ശ്രീജിത്ത് എത്തിയത്. വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്നുണ്ടല്ലോ കള്ളപ്പണിക്കര്‍മാര്‍ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്’ എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍… ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?. അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എം.പിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ”മൂന്ന് ഡസന്‍ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേക്ക് തോന്നിയില്ലേ ആവോ?. രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും. ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!


