ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 18 മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എന്‍കെ സിംഗ് എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
|
പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത് ചോദ്യംചെയ്താണ് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ, പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങളും കോടതിക്ക് കൈമാറി. ഇവ പരിശോധിച്ച കോടതി, ഗൗരവമേറിയ കാര്യങ്ങള്‍ ഒന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
കേസിലെ പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാകേന്ദ് ബസന്ത്, കെ. പരമേശ്വര്‍, ആദിത്യ സോണ്‍ധി എന്നിവരാണ് ഹാജരായത്.
ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് ഒരു വര്‍ഷം പഴക്കമുള്ളതാണെന്നും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയയ കാര്യവും രണ്ടംഗ ബെഞ്ച് എന്‍ഐഎയെ അറിയിച്ചു. പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.
2022 എപ്രില്‍ 16നാണ് പാലക്കാട്ട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന എ. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണസംഘം പറയുന്നത്.
Sreenivasan murder: Supreme Court rejects NIA’s plea against bail of former Popular Front activists


