|
കന്യാകുമാരി: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തുടക്കം. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ യാത്ര.
കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗങ്ങളും ദേശീയ നേതാക്കളും സന്നിഹിതരായി. യാത്രയ്ക്കു മുന്നോടിയായി സബർമതി ആശ്രമം സന്ദർശിച്ച രാഹുലിന് അന്തേവാസികൾ ചർക്ക സമ്മാനിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തിൽ ഇന്നു രാവിലെ 7ന് രാഹുൽ പ്രാർഥന നടത്തി. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, പിന്നീട് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെത്തുകയായിരുന്നു.
ബീച്ചിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം. അഗസ്തീശ്വരം കന്യാകുമാരി വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്‌നിക് ഗ്രൗണ്ടിൽ രാത്രി തങ്ങുന്ന രാഹുൽ ഗാന്ധി നാളെ മുതൽ 10 വരെ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തും.
ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം’ എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ അഞ്ചു മാസം നീളുന്നതാണ് യാത്ര. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും. കാൽനടയായി സഞ്ചരിച്ച് രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിക്കും. 11ന് യാത്ര കേരളത്തിൽ പ്രവേശിക്കും. 13 വരെ തിരുവനന്തപുരം ജില്ലയിലാണ്. 29 വരെയാണു കേരളത്തിലെ പര്യടനം.
Kumari to Kashmir: Stalin launches Rahul’s Bharat Jodo Yatra



