25
Sep 2025
Mon
25 Sep 2025 Mon
stole 1 crore kalash

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട വളപ്പില്‍ നടന്ന ജൈനമത ചടങ്ങില്‍ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണ്ണ കുംഭങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ നിന്നാണ് പോലീസ് കള്ളനെ പൊക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഏകദേശം 760 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ കുംഭം, സ്വര്‍ണ്ണ തേങ്ങ, കൂടാതെ വജ്രങ്ങളും മരതകങ്ങളും മാണിക്യങ്ങളും പതിച്ച 115 ഗ്രാമിന്റെ സ്വര്‍ണ കുംഭം എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയായ ഭൂഷണ്‍ വര്‍മ്മയെ തിരിച്ചറിഞ്ഞത്. ഈ വസ്തുക്കള്‍ ജൈന ആചാരങ്ങളില്‍ ഉപയോഗിക്കുന്നവയാണ്.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ചു ജീവന്‍

ചെങ്കോട്ട വളപ്പിലെ ആഗസ്ത് 15 പാര്‍ക്കില്‍ ഓഗസ്റ്റ് 28-ന് ആണ് 10 ദിവസം നീണ്ട ‘ദസ്ലക്ഷണ്‍ മഹാപര്‍വ്’ എന്ന മതപരമായ ചടങ്ങ് നടന്നത്. ഇതിനിടെ സെപ്റ്റംബര്‍ 3-നാണ് മോഷണം നടന്നത്.

ഭക്തര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ പരമ്പരാഗത വസ്ത്രമായ ധോത്തി-കുര്‍ത്ത ധരിച്ചാണ് വര്‍മ്മ എത്തിയത്. ഇയാള്‍ ജൈന സമൂഹത്തില്‍പ്പെട്ടയാളല്ലെന്നും, ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചടങ്ങുകള്‍ക്കായി എല്ലാ ദിവസവും വ്യാപാരിയായ സുധീര്‍ ജെയിന്‍ കൊണ്ടുവന്നതായിരുന്നു മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍. ജനത്തിരക്ക് മുതലെടുത്താണ് മോഷണം നടത്തിയതെന്ന് ജെയിന്‍ പറഞ്ഞു.