|
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം, പച്ചക്കറികള്‍, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങള്‍ക്കും ഓഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നാലുമാസത്തില്‍ ഒരിക്കല്‍ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ വാരത്തിലെ വിലനിലവാരം പരിശോധിക്കുമ്പോള്‍ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞതായി കണ്ടെത്തി. പഴം പച്ചക്കറികള്‍ കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് & മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവരുന്നുണ്ട്. കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളില്‍ വിലവര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കലക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍ സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികളും മന്ത്രി വിലയിരുത്തി.
Strong measures will be taken to control the price rise


