ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ തട്ടിപ്പുകളെക്കുറിച്ചും തിരിമറികളെക്കുറിച്ചും പരാതികള്‍ പെരുകുന്നതിനിടെ ഗുജറാത്തില്‍ നിന്ന് ഒരു കൗതുക വാര്‍ത്ത. ( Student Who Aced NEET Failed Physics, Chemistry In 12th? Marksheet Is Viral ) പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സിനും കെമിസ്ട്രിക്കും തോറ്റു തുന്നംപാടിയ വിദ്യാര്‍ഥിനിക്ക് നീറ്റ് എക്‌സാമില്‍ കിട്ടിയത് 720-ല്‍ 705 മാര്‍ക്ക്. ഗുജറാത്ത് സ്വദേശി പട്ടേല്‍ അഞ്ജലി ഹിര്‍ജിഭായ് എന്ന വിദ്യാര്‍ഥിനിയാണ് പ്ലസ്ടുവിന് തോറ്റിട്ടും നീറ്റില്‍ 99.94 ശതമാനം മാര്‍ക്ക് നേടി അമ്പരപ്പിച്ചിരിക്കുന്നത്.
|
നീറ്റ് പരീക്ഷയില്‍ നിരവധി പേര്‍ക്ക് ഫുള്‍ മാര്‍ക്ക് ലഭിച്ചതും ചോദ്യപ്പേപ്പര്‍ ചോര്‍ന്നതടക്കമുള്ള ക്രമക്കേടുകള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് അഞ്ജലിക്ക് നീറ്റില്‍ ലഭിച്ച മാര്‍ക്ക് പുറത്തുവരുന്നത്. പ്ല്‌സടുവില്‍ തോറ്റെങ്കിലും നീറ്റില്‍ ഫിസിക്‌സ്, കെമിസ്ട്രി ഉള്‍പ്പെടെ വമ്പന്‍ മാര്‍ക്കാണ് അഞ്ജലിക്ക്.
നീറ്റ് പരീക്ഷയില്‍ 720-ല്‍ 705 മാര്‍ക്ക് നേടിയതോടെ വിദ്യാര്‍ഥിനി ശ്രദ്ധിക്കപ്പെടുകയും അതില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടിയുടെ 12 ാം ക്ലാസിലെ പരീക്ഷാ ഫലം എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. പ്ലസ്ടു പരീക്ഷയില്‍ മിക്ക പേപ്പറുകള്‍ക്കും കുറഞ്ഞ മാര്‍ക്കാണ് അഞ്ജലിക്ക് ലഭിച്ചിരിക്കുന്നത്. ഫിസിക്‌സ് തിയറിക്ക് 100ല്‍ 21 മാര്‍ക്കും പ്രാക്ടിക്കലിന് 50ല്‍ 36 മാര്‍ക്കുമാണ് കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. കെമിസ്ട്രിക്ക് തിയറിക്ക് ആകെ കിട്ടിയത് 100ല്‍ 31 മാര്‍ക്ക്. പ്രാക്ടിക്കലിന് 50ല്‍ 33 മാര്‍ക്കും കിട്ടി. ഫിസിക്‌സിനും കെമിസ്ട്രിക്കും ജയിക്കാനാകാത്ത ആള്‍ക്കെങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷകളിലൊന്നില്‍ മികച്ച വിജയം നേടാനായതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അഞ്ജലിയുടെ മാര്‍ക്ക് സ്വന്തം മിടുക്കോ അതോ നീറ്റിലെ തട്ടിപ്പോ എന്ന ചോദ്യമാണ് ഉയരുന്നത്.
Neet exam में 705 नंबर पाने वाला फ़िज़िक्स/केमिस्ट्री में फेल
Neet aspirants के अभ्यर्थियों को न्याय दो@yadavakhilesh @myogiadityanath @narendramodi pic.twitter.com/oRylDOxwbH
— Dr Avdhesh Yadav (@Avdheshyadavsp) June 10, 2024
നീറ്റ് സ്‌കോറിന്റെ ആധികാരിതക്കെതിരെ പലരും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മാര്‍ക്കിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി എക്‌സിലടക്കം വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നീറ്റ് എക്‌സാം നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആരോപണങ്ങളില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതെ സമയം നീറ്റിനെതിരെയുള്ള ഹരജി പരിഗണിച്ച സുപ്രിംകോടതി കഴിഞ്ഞ ദിവസം വിശദമായ മറുപടി നല്‍കാന്‍ എന്‍.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് കുട്ടികള്‍ മാസങ്ങളും വര്‍ഷങ്ങളും അധ്വാനിച്ച് എഴുതുന്ന പരീക്ഷയിലാണ് ഇത്ര വലിയ ക്രമക്കേടുകള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





