വഖഫ് ബില്ലിനെതിരേ ദേശീയ തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രതിഷേധം. (Students protest outside Jamia Millia against Waqf Bill) ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായാണ് വഖഫ് നിയമ ഭേദഗതിക്കെതിരേ പ്രതിഷേധമുയര്‍ത്തിയത്.
|
വഖ്ഫ് സ്വത്തുക്കളുടെ സ്വയംഭരണാധികാരത്തിന് ഭീഷണിയുയര്‍ത്തുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധകര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയോടെ യൂണിവേഴ്‌സിറ്റിയുടെ ഏഴാം നമ്പര്‍ ഗേറ്റിലാണ് പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ വഖഫ് ബില്ല് കത്തിച്ചു.
പ്രതീകാത്മക പ്രതിഷേധമാണ് ഇന്ന് നടന്നതെന്ന് ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥി നജ എംവി മക്തൂബ് മീഡിയയോടെ പറഞ്ഞു. ജാമിഅ, എംഎംയു തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ ഈദ് അവധിക്കു പോയ സമയം നോക്കിയാണ് ഈ ബില്ല് പാസാക്കിയിരിക്കുന്നത്. വലിയ വിദ്യാര്‍ഥി പ്രതിഷേധം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഷഹീന്‍ ബാഗ് ഉള്‍പ്പെടെ തെരുവുകളില്‍ വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുമെന്ന് അവര്‍ വ്യക്തമാക്കി.
ക്യാമ്പസ് ഗേറ്റുകള്‍ അടച്ച് പ്രക്ഷോഭത്തെ ഒതുക്കാന്‍ ജാമിഅ അധികൃതര്‍ ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ അകത്തേക്കും പുറത്തേക്കും പോകുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിദ്യാര്‍ഥികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധികൃതര്‍ ഗേറ്റ് തുറക്കുകയായിരുന്നു.
വിദ്യാര്‍ഥി പ്രതിഷേധം മുന്നില്‍ കണ്ട് ജാമിഅ നഗറിലും ഷഹീന്‍ ബാഗിലും ശക്തമായ പോലീസ് ബന്തവസ് ഒരുക്കിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹി പോലീസിന് പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
എംഎസ്എഫ്, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്മന്റ്, എസ്എഫ്‌ഐ, എംഎസ്‌യു, എംഎസ്ഡബ്ല്യു, സിആര്‍ജെഡി, ഡിഐഎസ്‌സി, എഐഎസ്എ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധത്തിന് മുന്നോടിയായി, ഇന്ന് ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം ജനങ്ങളും വിദ്യാര്‍ഥികളും സാക്കിര്‍ ഹുസൈന്‍ സെന്‍ട്രല്‍ ലൈബ്രറിക്ക് മുന്നില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് സംഘടനകള്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
മസ്ജിദുകള്‍, മദ്രസകള്‍, ഖബര്‍സ്ഥാനുകള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം സ്വത്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന വഖഫ് ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.





