27
Aug 2024
Wed
27 Aug 2024 Wed
Study report that Wayanad is a disaster due to human intervention

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വയനാട്ടില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ ഇടപെടല്‍ ആണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ശരിവച്ച് രാജ്യാന്തര പഠന റിപ്പോര്‍ട്ട്. മനുഷ്യന്റെ ഇടപെടല്‍കാരണമായ കാലാവസ്ഥാ വ്യതിയാനമാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശകലനത്തിലുള്ളത്. കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയാണ് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം, ഈ പ്രദേശത്ത് 10% കനത്ത മഴയ്ക്ക് കാരണമായി. ഇത് ഉരുള്‍പൊട്ടലിന് കാരണമായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, മലേഷ്യ, അമേരിക്ക, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 24 ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ഭാവിയില്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിന് വനനശീകരണവും ക്വാറികളും കുറയ്ക്കാന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതോടൊപ്പം പ്രകൃതിക്ഷോഭങ്ങളെ സംബന്ധിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താനും ഒഴിപ്പിക്കല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഒറ്റദിവസമുണ്ടാകുന്ന അതിതീവ്രമഴ പോലുള്ളവ കുറയ്ക്കാനായി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കണം.

മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം വയനാട്ടില്‍ അതിതീവ്ര മഴയ്ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ ഇതിന്റെ ആഘാതം കടുത്ത ആള്‍നാശത്തിനിടയാക്കി. വയനാട്ടില്‍ ഒറ്റ ദിവസം 146 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇത് കേരളത്തില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ ഉയര്‍ന്ന കനത്ത മഴയാണ്. കേരളത്തില്‍ ഏറ്റവും ദുര്‍ബലമായ ജില്ലയാണ് വയനാട്. മലയോര പ്രദേശമായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പുള്ളതുമായ മണ്ണാണ്. അതിനാല്‍ മഴക്കാലത്ത് ഇവിടെ ഉരുള്‍പൊട്ടലിനുള്ള സാധ്യത കൂടുതലാണ്.

ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മലയോര മേഖലകളിലെ നിര്‍മാണം, വനനശീകരണം, ക്വാറികള്‍ എന്നിവ നിയന്ത്രിക്കണമെന്ന് ഗവേഷകര്‍ തീര്‍പ്പിലെത്തി. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ കേരളത്തില്‍ ഒരു ദിവസത്തെ മഴയുടെ അളവ് നാലു ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൈയേറ്റവും അനധികൃത നിര്‍മാണങ്ങളുമാണ് വയനാട്ടിലെ ദുരന്തകാരണമെന്ന് നേരത്തെ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയവും കുറ്റപ്പെടുത്തിയിരുന്നു. ഇതുശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

1952 നും 2018 നും ഇടയില്‍ വയനാട്ടിലെ വനം 62 ശതമാനം കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറമടകളെപ്പറ്റിയും മറ്റും ഉള്‍പ്പെടെ വയനാടിനെപ്പറ്റി 29 പേജുള്ള സമഗ്ര ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Study report that Wayanad is a disaster due to human intervention