മലപ്പുറം: താനൂരിൽ കുട്ടികളടക്കം 22 പേരെ മരണത്തിലേക്ക് നയിച്ച ബോട്ട് അപകടത്തിന്റെ ബാക്കിപത്രമായ ഒരു ചിത്രം. കാണുന്നവരുടെ മനസ്സിനെ നോവിക്കുന്ന, കണ്ണു നിറയ്ക്കുന്ന ഈ ചിത്രമാണ് ഒരു മഹാദുരന്തത്തിന്റെ അടയാളം കൂടിയാണ്. ഒരു കുടുംബത്തിന്റെ, അല്ല ഈ നാടിന്റെ തന്നെ കണ്ണുനീരായ ചിത്രം. പരപ്പനങ്ങാടി പുത്തൻകടപ്പുറം കുന്നുമ്മൽവീട്ടിലെ മരിച്ച പതിനൊന്നുപേരിൽ ഏറ്റവും ഇളയകുട്ടിയായായ പത്തുമാസം മാത്രം പ്രായമുള്ള നൈറ ഫാത്തിമയുടെ മൃതദേഹവുമായി സബ് ഇൻസ്‌പെക്ടർ അബ്ദുൾ ഹക്കീം പള്ളിയിലേക്കുനീങ്ങുന്ന ആ ചിത്രം ദുരന്തത്തിന്റെ തീവ്രതയറിഞ്ഞവരുടെ മനസ്സിൽ എക്കാലവും കാണപ്പെടുമെന്ന് ഉറപ്പാണ്.
|
മരുമക്കളും പേരക്കിടാങ്ങളുമൊക്കെയായി പതിനൊന്ന് പേരേയാണ് പുത്തൻകടപ്പുറത്തെ കുന്നുമ്മൽ വീടിനുണ്ടായിരിക്കുന്നത്. പരേതനായ കുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ റുഖിയാമോൾക്ക് ഈ പ്രായത്തിലും താങ്ങാനാകാത്ത ദുഃഖം ലഭിച്ചപ്പോൾ ഒഴുകുന്ന കണ്ണുനീർ മാത്രമേ അവർക്ക് തിരിച്ചു നൽകാനുമുള്ളു. റുഖിയാമോളും മക്കളായ സെയ്തലവിയും സിറാജും മാത്രമാണ് ഇനി വീട്ടിൽ അവശേഷിക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം. കളിച്ചും ചിരിച്ചും ജീവിതത്തിൽ ഒരുമിച്ചായിരുന്നവർ ഇനി കബറിടത്തിലും ഒന്നിച്ചാണ്. മരണപ്പെട്ട 11 പേരെയും അടുത്തടുത്തായാണ് കബറടക്കിയത്. കടലിനോടുചേർന്ന് പുത്തൻകടപ്പുറത്തെ ജുമാമസ്ജിദ് കബറിസ്ഥാനിലാണ് അന്ത്യനിദ്രയൊരുക്കിയത്. ഇവിടേക്ക് നൈറ ഫാത്തിമയുടെ മൃതദേഹവുമായി നിറകണ്ണുകളോടെ നീങ്ങിയ എസ്‌ഐ അബ്ദുൾ ഹക്കീമിന്റെ ചിത്രം ഏവരുടെയും മനസ്സിൽ നൊമ്പരമായി അവശേഷിക്കുകയാണ്.
എന്റെ പൊന്നുമോളെ ഞാനെടുക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അബ്ദുൾ ഹക്കീം നിറകണ്ണുകളോടെ ഫാത്തിമ നൈറയെ വാരിയെടുത്തത്. പള്ളിയിലേക്ക് എടുക്കാനായി ആംബുലൻസ് എത്താൻ വൈകിയതോടെയാണ് എസ്.ഐ കുഞ്ഞ് മൃതശരീരവുമായി ഓടിയത്.
പരപ്പനങ്ങാടി അരയൻകടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (45), മക്കളായ അസ്‌ന (18), ഷംന (16), ഷഫ്‌ന (13), ഫിദ റിൽന (8), സെയ്തലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), ഫാത്തിമ റിസ്ല (7), നൈറ ഫാത്തിമ (10 മാസം), സെയ്തലവിയുടെ പിതാവിന്റെ വളർത്തുമകനായ ജാബിറിന്റെ ഭാര്യ ജൽസിയ (45), മകൻ ജരീർ (12) എന്നിവരാണ് ബോട്ട് ദുരന്തം കുന്നുമ്മൽ കുടുംബത്തിൽനിന്ന് തട്ടിയെടുത്തത്. ജാബിറിന്റെ മക്കളായ ജംന (8), ജസ്റ (10), സൈതലവിയുെട സഹോദരി നുസ്റത്ത് (38), മകൾ ആയിഷ മെഹറിന് (ഒന്നര) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.





