16
Jun 2024
Tue
16 Jun 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ വലഞ്ഞ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സപ്ലൈകോയില്‍ വന്‍ ഓഫര്‍. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസത്തേക്കാണ് പ്രത്യേക വിലക്കുറവ് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.

സപ്‌ളൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക. സപ്ലൈകോയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകും ഇത്.

വിപണിയുടെ ഘടന വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കഴിയണം. അതിനു വലിയ ചര്‍ച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഒരു ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഒരു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും. സെമിനാറുകളില്‍ ലഭിക്കുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ സപ്ലൈകോയുടെ ഭാവി പ്രവര്‍ത്തനത്തിനു മുതല്‍ക്കൂട്ടാകും.

കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാന്‍ സപ്ലൈകോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യസാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് സപ്ലൈകോ എന്ന ഒറ്റ ഉത്തരമേയുള്ളൂ. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ കേരളത്തിനു പ്രിയപ്പെട്ടതായി മാറിയതു സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോര്‍പ്പറേറ്റ് വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഏതിനെല്ലാം വിലക്കുറവുണ്ടാകും

ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്കാണ് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവുള്ളത്. 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.

50 ദിവസത്തേക്ക് ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയില്‍ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുമണിവരെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10% വിലക്കുറവ്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവയില്‍ ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.

ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളില്‍ 12 ജില്ലകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന സെമിനാര്‍ പരമ്പരയാണ് ഫുഡ് ഫോര്‍ തോട്ട്. കൊല്ലം ജില്ലയില്‍ ക്ഷീരം മാംസം മുട്ട ഉത്പന്നങ്ങളെക്കുറിച്ചും, പത്തനംതിട്ട ജില്ലയില്‍ റീട്ടെയില്‍ മേഖലയിലെ ബാങ്കിംഗിനെക്കുറിച്ചുമാണ് സെമിനാര്‍. ഇടുക്കിയില്‍ തേയില, കോട്ടയത്ത് പെട്രോളിയം, ആലപ്പുഴയില്‍ നെല്ല് സംഭരണം, തൃശ്ശൂരില്‍ സപ്ലൈ ചെയിനും ലോജിസ്റ്റിക്‌സും, പാലക്കാട് എം എസ് എം ഇ, മലപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാരവും, കോഴിക്കോട് ഭക്ഷ്യ ഉപഭോഗത്തില്‍ വരുന്ന മാറ്റങ്ങള്‍, വയനാട് സുഗന്ധദ്രവ്യങ്ങള്‍, കണ്ണൂരില്‍ റിട്ടെയില്‍ മേഖലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കാസര്‍ഗോഡ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെക്കുറിച്ചും ആണ് സെമിനാറുകള്‍ നടത്തുക. ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്കു ശേഷം സമാപന ചടങ്ങ് എറണാകുളത്ത് നടക്കും.