പിഎഫ്‌ഐ നേതാവ് എ എസ് ഇസ്മായിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. പക്ഷാഘാതത്തെ തുടര്‍ന്നുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ നിന്നുള്ള പോപുലര്‍ഫ്രണ്ട് നേതാവ് എ എസ് ഇസ്മായില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, തിഹാര്‍ ജയില്‍ ഒന്നില്‍ കഴിയുന്ന എ എസ് ഇസ്മായിലിന് ജയില്‍ മൂന്നില്‍ ലഭ്യമായ ഫിസിയോതെറാപ്പി സൗകര്യം നല്‍കാനാവുമോയെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് കെ വി വിശ്വനാഥനും ജസ്റ്റിസ് എന്‍ കെ സിങ്ങും അംഗമായ ബെഞ്ച് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
|
പോപുലര്‍ ഫ്രണ്ട് നിരോധന മുന്നോടിയായി കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്ത എ എസ് ഇസ്മായിലിന് 2024 ഒക്ടോബറില്‍ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചികില്‍സ തേടുകയും ചെയ്തിരുന്നു. എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് പ്രകാരം ഇസ്മായിലിന് ഫിസിയോതെറാപ്പിയും സ്ഥിരമായി രക്തസമ്മര്‍ദ്ദ പരിശോധനയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇസ്മായിലിന് ജയിലില്‍ ഫിസിയോതെറാപ്പി സൗകര്യം നല്‍കുന്നില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹരജിയുടെ പകര്‍പ്പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദാവേയ്ക്ക് നല്‍കാന്‍ നിര്‍ദേശിച്ച കോടതി ജൂണ്‍ 27ന് ജയിലിലെ ഫിസിയോ തെറാപ്പി സൗകര്യങ്ങളെക്കുറിച്ച് തങ്ങളെ അറിയിക്കാനും നിര്‍ദേശം നല്‍കി.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഇടക്കാലജാമ്യഹരജി വിചാരണ കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് 2024 ഡിസംബറില്‍ ഇസ്മായില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എയിംസിലെ മെഡിക്കല്‍ ബോര്‍ഡ് ഇസ്മായിലിന്റെ ആരോഗ്യാവസ്ഥ പരിശോധിക്കുകയും നില മെച്ചപ്പെട്ടതായി കോടതിയെ അറിയിക്കുകയും ചെയ്യുകയുണ്ടായി.
ALSO READ: വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





