22
Feb 2023
Fri
22 Feb 2023 Fri

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്നും കോടതി ചോദിച്ചു. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിട്ടീഷ് ചാനലായ ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു.ഹരജി അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും ആഗോള ഉയര്‍ച്ചയ്‌ക്കെതിരേയുള്ള ഗൂഢാലോചനയുടെ ഫലമാണ് ഡോക്യുമെന്ററിയെന്നാണ് ഹരജിക്കാരൻ ആരോപിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മോദിയുടെ പ്രതിച്ഛായ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യ ഘടന തകര്‍ക്കാനുള്ള ഹിന്ദുത്വ വിരുദ്ധ പ്രചാരണവും ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുണ്ടെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. യൂട്യൂബിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യിപ്പിച്ച കേന്ദ്രസർക്കാർ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്നും വീഡിയോയുടെ ലിങ്ക് നീക്കം ചെയ്യിപ്പിക്കുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥി യുവജന സംഘടനകൾ ഡോക്യുമെന്ററി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.