18
Jul 2023
Sun
18 Jul 2023 Sun

സ്വീഡന്‍: ഖുര്‍ആനൊപ്പം ബൈബിളും തോറയും കത്തിക്കാന്‍ അനുമതി; ഇസ്രായേല്‍ എംബസിക്ക് മുന്നിലെത്തിയ മുസ്ലിം ആക്ടിവിസ്റ്റ് പക്ഷേ ബൈബിള്‍ കത്തിച്ചില്ല; കാരണം ഇതാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റോക്ക്‌ഹോം: ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും നേരിട്ട രാജ്യമാണ് സ്വീഡന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് സ്വീഡിഷ് സര്‍ക്കാര്‍ ഇതെല്ലാം അനുവദിച്ചത്. ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ സംഭവം നയതന്ത്രതലത്തില്‍ വരെ വിഷമായതോടെ ഇതോടൊപ്പം ക്രിസ്ത്യന്‍ വിശുദ്ധ ഗ്രന്ഥമായ ബൈബിളും യഹൂദ ഗ്രന്ഥമായ തോറയും അഗ്നിക്കിരയാക്കാനും അനുമതി നല്‍കി തലയൂരാനാണ് സ്വീഡിഷ് ഭരണകൂടം ശ്രമിച്ചത്.

ജൂണ്‍ അവസാനമാണ് സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ മുസ്ലിം പള്ളിക്ക് പുറത്ത് വെച്ച് ഒരാള്‍ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചത്. ഇതിന് പകരമായി സ്റ്റാക്ക്‌ഹോമിലെ ഇസ്രായേല്‍ എംബസിക്ക് പുറത്ത് തോറകളും ബൈബിളുകളും കത്തിക്കുന്നതിന് അനുമതി വേണമെന്ന മുസ്ലിം ആക്ടിവിസ്റ്റ് അഹമദ് ആലൂഷിന്റെ (32) ആവശ്യപ്രകാരമാണ് ക്രിസ്ത്യന്‍, ജൂത ഗ്രന്ഥങ്ങളും കത്തിക്കാന്‍ അനുമതി ലഭിച്ചത്.

അഹമദ് ആലൂഷ് ബൈബിളും തോറയും കത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്നലെ സ്വീഡിഷ് എംബസിക്ക് മുന്നില്‍ വലിയ മാധ്യമസമൂഹം തന്നെ തടിച്ചുകൂടി. ഇതിനിടയിലേക്ക് ബൈബിളും തോറയുമില്ലാതെ ഖുര്‍ആന്‍ മാത്രം കൈയില്‍ പിടിച്ചെത്തിയ അഹമദ് ആലൂഷിന്റെ നടപടിയില്‍ ഞെട്ടിയവര്‍ക്ക് മുമ്പാകെ അദ്ദേഹം കാരണവും വ്യക്തമാക്കി. ”..തോറയും ബൈബിളും വിശുദ്ധ ഗ്രന്ഥങ്ങളാണ്. അവ രണ്ടും അഗ്നിക്കിരയാക്കാന്‍ എനിക്ക് ആഗഹമോ ഉദ്ദേശമോ ഇല്ല. ഖുര്‍ആന്‍ കത്തിച്ച വിഷയം ലോകം അറിയാന്‍ വേണ്ടിയും അതിലെ പ്രതിഷേധം രേഖപ്പെടുത്താനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. മാത്രമല്ല, മറ്റ് മത ഗ്രന്ഥങ്ങള്‍ അവഹേളിക്കുന്നത് ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഒരാളും ഒരു മതഗ്രന്ഥവും അഗ്നിക്കിരയാക്കരുത്. ആവിഷ്‌കാര സ്വാതന്ത്രത്തിന് അതിരുണ്ട്. അത് എല്ലാവരും മനസ്സിലാക്കണം. വിവിധ ആളുകള്‍ വിവിധ വിശുദ്ധ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കാന്‍ മുന്നോട്ടുവന്നാല്‍ ഇവിടെ ആഭ്യന്തരസംഘര്‍ഷം ഉടലെടുക്കും. അത് ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം…” – അഹമദ് ആലൂഷ് വ്യക്തമാക്കി. അഹമദ് ആലൂഷിന്റെ വാക്കുകള്‍ക്ക് വലിയ കൈയടിയാണ് സ്വീഡ് സമൂഹത്തില്‍ ലഭിച്ചത്.

നേരത്തെ ഖുര്‍ആന്‍ കത്തിച്ചതിന് പകരമായി ബൈബിളുകളും തോറകളും കത്തിക്കാന്‍ അനുമതി നല്‍കിയ സ്വീഡന്‍ പോലീസിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. യൂറോപ്യന്‍ ജൂത കോണ്‍ഗ്രസ് (ഇ.ജെ.സി) കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയുണ്ടായി. സ്വീഡിഷ് അധികാരികളുടെ തീരുമാനത്തെ അവര്‍ ശക്തമായി അപലപിച്ചു. ഇതുപോലുള്ള പ്രകോപനപരവും വംശീയ വിദ്വേഷവും അസുഖകരവുമായ പ്രവൃത്തികള്‍ക്ക് ഒരു പരിഷ്‌കൃത സമൂഹത്തിലും സ്ഥാനമില്ലെന്നാണ് ഇ.ജെ.സി പ്രസിഡന്റ് ഏരിയല്‍ മ്യൂസികാന്റ് പ്രസ്താവന നടത്തിയത്. മതപരവും സാംസ്‌കാരികവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങളോടുള്ള അനാദരവിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും മ്യൂസികാന്റ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവൃത്തികള്‍ സ്വീഡന് നാണക്കേടുണ്ടാക്കുമെന്നും ഏതൊരു ജനാധിപത്യ സര്‍ക്കാരും ഇത്തരം പ്രവൃത്തികള്‍ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീഡിഷ് പോലീസിന്റെ ഈ തീരുമാനത്തെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അപലപിച്ചിരുന്നു.