16
Oct 2025
Fri
16 Oct 2025 Fri
Amir khan muttaqi - Taliban

Amir khan Motaqi to visit India ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖി അടുത്ത ആഴ്ച ഇന്ത്യയിലെത്തും. ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക് ഉണ്ടായിരുന്ന മുത്തഖിക്ക് യു.എന്‍ രക്ഷാ സമിതി ഇതിനായി യാത്രാ ഇളവ് അനുവദിച്ചു. ഒക്ടോബര്‍ 6 മുതല്‍ 16 വരെയുള്ള തീയതികള്‍ക്കിടയില്‍ മൂന്ന് ദിവസമാണ് ഇന്ത്യയിലുണ്ടാവുക എന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. എന്നാല്‍, യുഎന്‍ അനുമതി വൈകിയതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ ഭരണത്തിലേറിയ ശേഷം താലിബാന്‍ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കൂടിയാവും ഇത്.

താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതിന്റെ സൂചന കൂടിയാണ് മുത്തഖിയുടെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മേയ് മാസത്തില്‍ മുത്തഖി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയില്‍ ദുബയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഏപ്രില്‍ അവസാന വാരത്തില്‍ പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍- ഇറാന്‍ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് പിന്നാലെയാണ് മേയ് 15ന് ജയശങ്കര്‍ മുത്തഖിയുമായി സംഭാഷണം നടത്തിയത്. പഹല്‍ഗാം ആക്രമണത്തെ മുത്തഖി അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഇന്ത്യ- അഫ്ഗാന്‍ ബന്ധം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ താലിബാന്‍ തള്ളിക്കളഞ്ഞതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക