Tamil Nadu Assembly election results ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ് നടന്‍ സി. ജോസഫ് വിജയ്യുടെ തമിഴക വെട്രി കഴകം (TVK) തകര്‍പ്പന്‍ മുന്നേറ്റം നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10.30-ലെ കണക്കനുസരിച്ച് ആകെയുള്ള 234 മണ്ഡലങ്ങളില്‍ 90 ഇടത്ത് ടിവികെ മുന്നിലാണ്.
|
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം എഐഎഡിഎംകെ (AIADMK+) സഖ്യം 68 സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ (DMK) സഖ്യം 39 സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
വോട്ടെണ്ണല്‍ വിശേഷങ്ങള്‍
പോളിംഗ്: ഏപ്രില്‍ 23-ന് ഒറ്റഘട്ടമായാണ് 234 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്.
പോളിംഗ് ശതമാനം: സംസ്ഥാനത്ത് ആകെ 85.1% വോട്ടുകള്‍ രേഖപ്പെടുത്തി; ഏകദേശം 4.8 കോടി ജനങ്ങളാണ് വോട്ട് ചെയ്തത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: സംസ്ഥാനത്തുടനീളം 62 കേന്ദ്രങ്ങളിലായി 75,064 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ഇതില്‍ തപാല്‍ വോട്ടുകളും ഉള്‍പ്പെടുന്നു.
സുരക്ഷ: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏകദേശം 1.25 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷകര്‍ക്കും പ്രവേശനത്തിന് ക്യുആര്‍ കോഡ് (ഝഞ രീറല) അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.
ത്രികോണ മത്സരം:
സംസ്ഥാനത്ത് ഡിഎംകെ, എഐഎഡിഎംകെ എന്നീ പരമ്പരാഗത രാഷ്ട്രീയ ശക്തികള്‍ക്കൊപ്പം പുതിയ പാര്‍ട്ടിയായ ടിവികെയും ചേര്‍ന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡിഎംകെ സഖ്യത്തിന് അനുകൂലമായ പ്രവചനമാണ് നടത്തിയത്. എന്നാല്‍, ‘ആക്‌സിസ് മൈ ഇന്ത്യ’ (Axis My India) ടിവികെക്ക് 98 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ച് വലിയൊരു മുന്നേറ്റം നേരത്തെ സൂചിപ്പിച്ചിരുന്നു.
സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴര്‍ കക്ഷിയുടെ (NTK) പ്രകടനവും ഈ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കപ്പെടുന്നുണ്ട്. 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എന്‍ടികെ, അതില്‍ 50 ശതമാനത്തോളം സ്ത്രീകള്‍ക്കും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്കും പ്രാതിനിധ്യം നല്‍കിയിരുന്നു.



