ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നടന്‍ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (TVK) ആശ്വാസമായി വിടുതലൈ ചിരുതൈഗള്‍ കച്ചി (VCK) രംഗത്ത്. തമിഴ്നാട്ടിലെ ആദ്യ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിജയിന്റെ പാര്‍ട്ടിക്ക് വിസികെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.
|
ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് നേരിട്ടിരുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാടി കളിച്ചിരുന്ന മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരും ടിവികെക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 5, വിസികെ 2, സിപിഐ 2, സിപിഎം 2, ഐയുഎംഎല്‍ 2 എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 120 ആയി.
എഐഎഡിഎംകെയില്‍ വന്‍ കലാപം?
അതേസമയം, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയില്‍ വലിയ രീതിയിലുള്ള പിളര്‍പ്പിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുതിര്‍ന്ന നേതാവ് സി.വി. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് വിവരം. മുപ്പതിലധികം എംഎല്‍എമാര്‍ ഷണ്‍മുഖത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ ചിലര്‍ ടിവികെയെ പിന്തുണയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ നിന്നും മടങ്ങിയെത്തിയ എംഎല്‍എമാര്‍ ചെന്നൈയിലെ ഷണ്‍മുഖത്തിന്റെ ഓഫീസില്‍ നിര്‍ണ്ണായക യോഗം ചേര്‍ന്നു. എസ്.പി. വേലുമണി, എം.ആര്‍. വിജയഭാസ്‌കര്‍, നത്തം വിശ്വനാഥന്‍, സി. വിജയഭാസ്‌കര്‍ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു.
ഗവര്‍ണറെ കണ്ട് വിജയ്
ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറുമായി വിജയ് തിങ്കളാഴ്ച്ച നാലാം കൂടിക്കാഴ്ച്ച നടത്തും. 120 എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് അദ്ദേഹം കൈമാറും. വെള്ളിയാഴ്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവര്‍ണറെ കാണുന്നത്. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അദ്ദേഹം ഉന്നയിച്ചു. നേരത്തെ ബുധന്‍, വ്യാഴം ദിവസങ്ങളിലും വിജയ് ഗവര്‍ണറെ കണ്ടിരുന്നെങ്കിലും 118 എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിസികെയുടെ പിന്തുണയും എഐഎഡിഎംകെയിലെ വിമതരുടെ നിലപാടും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.


