Tamilnadu and west bengal polling ഒരുമാസം നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ തമിഴ്നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.
|
പശ്ചിമബംഗാള്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ഒരുദിവസംമാത്രം ശേഷിക്കേ, ഒന്നാം ഘട്ടത്തിന്റെ അവസാന അനുബന്ധ വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച 19 ട്രിബ്യൂണലുകള്‍ അംഗീകരിച്ച പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ചൊവ്വാഴ്ച രാത്രി വൈകി പ്രസിദ്ധീകരിച്ചത്. 294 സീറ്റുകളിലേക്ക് രണ്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.
തമിഴകത്ത് 5.73 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്
കടുത്ത പോരാട്ടത്തിന്റെ സൂചന നല്‍കി 38 ദിവസം നീണ്ട പ്രചാരണത്തിനുശേഷം തമിഴ്നാട് വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാന്‍ 5,73,43,000 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും.
ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോര്‍ത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും നടന്‍ വിജയിയുടെ ടിവികെ നിര്‍ണായകമാകും. വോട്ടിന് പണം നല്‍കുന്ന സംഭവങ്ങള്‍ വ്യാപകമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കനത്ത ജാഗ്രതിയിലാണ്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എല്‍.മുരുകന്‍, സിനിമാതാരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്ത്, തൃഷ, സംഗീതജ്ഞന്‍ ഇളയരാജ തുടങ്ങിയവര്‍ ചെന്നൈയിലും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്.
ജാഗ്രത വേണമെന്ന് സ്റ്റാലിന്‍
ഭരണത്തുടര്‍ച്ച ഉറപ്പാണെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വോട്ടെടുപ്പിന്റെ തലേന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറയുന്നത്. ഈ ഒരുദിവസം താന്‍ പറയുന്നത് അനുസരിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം വോട്ടര്‍മാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കാമെന്നാണ് ടി.വി.കെ. നേതാവ് വിജയ് നല്‍കുന്ന വാഗ്ദാനം. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബി.ജെ.പി. ഇത്തവണ നടത്തുകയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു.
ഭരണമുന്നണിയായ മതനിരപേക്ഷ ജനാധിപത്യ സഖ്യ(എസ്.പി.എ.)ത്തിനു നേതൃത്വം നല്‍കുന്ന ഡി.എം.കെ. 164 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളുടെ 11 സ്ഥാനാര്‍ഥികളും ഡി.എം.കെ. ചിഹ്നത്തില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസ്(28), ഡി.എം.ഡി.കെ(10), വി.സി.കെ(8), സി.പി.എം(5), സി.പി.ഐ(5) എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍. മുസ്ലിം ലീഗും എസ്ഡിപിഐയും സഖ്യത്തിലുണ്ട്.
എന്‍.ഡി.എയ്ക്കു നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം.കെ. 169 സീറ്റില്‍ മത്സരിക്കുമ്പോള്‍ സഖ്യകക്ഷികളായ ബി.ജെ.പി. 27 സീറ്റിലും പി.എം.കെ. 18 സീറ്റിലും എ.എം.എം.കെ. 11 സീറ്റിലും തമിഴ് മാനില കോണ്‍ഗ്രസ് അഞ്ചു സീറ്റിലും മത്സരിക്കുന്നു.
തമിഴക വെട്രി കഴകം മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയതുകാരണം എടപ്പാടി മണ്ഡലത്തില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുകയാണ്. 234 സീറ്റിലും മത്സരിക്കുന്ന നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥികളില്‍ പകുതി വനിതകളാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കിയ വി.കെ. ശശികല 77 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മകന്‍ അന്‍പുമണി രാംദാസുമായി ഇടഞ്ഞുനില്‍ക്കുന്ന പി.എം.കെ. സ്ഥാപക നേതാവ് എസ്. രാംദാസിന്റെ അനുയായികള്‍ 35 സീറ്റില്‍ മത്സരിക്കുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍നിന്ന് തുടര്‍ച്ചയായി നാലാം ജയമാണ് പ്രതീക്ഷിക്കുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇത്തവണയും ചെപ്പോക്ക്-ട്രിപ്ലിക്കന്‍ മണ്ഡലത്തില്‍ മത്സരിക്കുന്നു.
അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി തട്ടകമായ എടപ്പാടിയില്‍ മത്സരിക്കുമ്പോള്‍ ടി.വി.കെ. അധ്യക്ഷന്‍ വിജയ് പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും ജനവിധി തേടുന്നു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ സാത്തൂരിലും നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ കാരൈക്കുടിയിലും ഡി.എം.ഡി.കെ. ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്തും ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍ ഡി.എം.കെ. ടിക്കറ്റിലാണ് മത്സരിക്കുന്നത്.
ബംഗാളില്‍ സംഘര്‍ഷ സാധ്യത

ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് മൂര്‍ഷിദാബാദ്, മാള്‍ഡ അടക്കം ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. ബംഗാളില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് മൂര്‍ഷിദാബാദിലാണ്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യാന്തര അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെയാണ് ബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്.
അടുത്ത ബുധനാഴ്ചയാണ് 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഇന്ന് പ്രചാരണത്തിനെത്തും.
ബിജെപിക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ബംഗാള്‍ വികാരം ഉയര്‍ത്തി ആഴ്ചകളോളം മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും നടത്തിയ റാലികള്‍ വോട്ടാകുമെന്നാണ് ടിഎംസി കരുതുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





