18
Apr 2026
Sat
18 Apr 2026 Sat
tata consultancy

നാസിക് യൂണിറ്റിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗിക അതിക്രമം എന്നീ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നേരിടുന്നതിനിടെ വിശദീകരണവുമായി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). ആരോപിക്കപ്പെടുന്ന തരത്തിലുള്ള പരാതികളൊന്നും കമ്പനിയുടെ ആഭ്യന്തര എത്തിക്‌സ് ചാനലുകളിലോ പോഷ് (POSH) സമിതിയിലോ ലഭിച്ചിട്ടില്ലെന്ന് ടിസിഎസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി കമ്പനി ഒരു ഉന്നതതല മേല്‍നോട്ട സമിതിയെ (Oversight Panel) നിയോഗിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധനും സ്വതന്ത്ര ഡയറക്ടറുമായ കെകി മിസ്ത്രിയാണ് ഈ സമിതിയുടെ അധ്യക്ഷന്‍. കൂടാതെ ബാഹ്യ ഏജന്‍സികളുടെ സഹായത്തോടെയും അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു.

എന്താണ് ടിസിഎസ് നാസിക് കേസ്?

2022-ല്‍ സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഒരു യുവതിയുടെ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡാനിഷ് വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചായിരുന്നു പീഡനമെന്ന് യുവതി ആരോപിക്കുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഏഴ് വനിതാ ജീവനക്കാര്‍ കൂടി തങ്ങളുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തി. മാനസികവും ലൈംഗികവുമായ പീഡനം നേരിട്ടതായും എച്ച്ആര്‍ വിഭാഗം ഇത് അവഗണിച്ചതായും ഇവര്‍ ആരോപിച്ചു.

നിദ ഖാനായി തിരച്ചില്‍

ഈ കേസില്‍ എച്ച്ആര്‍ മേധാവി ഉള്‍പ്പെടെ ഏഴ് ജീവനക്കാരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ നിദ ഖാന്‍ നിലവില്‍ ഒളിവിലാണ്. ഡാനിഷ് ഷെയ്ഖിന്റെ സഹോദരിയാണ് നിദ. പരാതിക്കാരിയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

നിദ ഖാനെ കണ്ടെത്താനായി നാസിക് ക്രൈംബ്രാഞ്ച് സംഘം മുമ്പ്രയില്‍ പരിശോധന നടത്തി. നിദ നിലവില്‍ ഗര്‍ഭിണിയാണെന്നും മുംബൈയില്‍ ഉണ്ടെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. ഇവര്‍ നാസിക് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, നിദ ഖാന്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ അല്ലെന്നും ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും ടിസിഎസ് വ്യക്തമാക്കി.

അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ല

ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങള്‍ ഏറെ ഗൗരവകരവും വേദനാജനകവുമാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിക്രമങ്ങളോട് കമ്പനിക്ക് ‘സീറോ ടോളറന്‍സ്’ (വിട്ടുവീഴ്ചയില്ലാത്ത) നയമാണുള്ളതെന്നും പോലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ടിസിഎസ് പ്രസ്താവനയില്‍ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.