അര്‍ബുദത്തിന്റെ തിരിച്ചുവരവ് തടയുന്ന ഫലപ്രദ ചികില്‍സ വികസിപ്പിച്ചതായി അര്‍ബുദ ഗവേഷണ, ചികില്‍സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. അര്‍ബുദം രണ്ടാം തവണയും പിടിപെടുന്നത് തടയുകയും റേഡിയേഷന്‍, കീമോതെറാപ്പി ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ അമ്പതു ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്ന ഗുളിക പത്തുവര്‍ഷം നീണ്ട ഗവേഷത്തിലൂടെ തങ്ങളുടെ ഗവേഷകരും ഡോക്ടര്‍മാരും വികസിപ്പിച്ചുവെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.(tata institute claims victory in cancer treatment with 100 rupees tablet)
|
ടാറ്റാ മെമോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ. രാജേന്ദ്ര ബദ് വേ ആണ് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയത്. ഗവേഷണത്തില്‍ മനുഷ്യന്റെ അര്‍ബുദ കോശങ്ങള്‍ എലികളില്‍ കുത്തിവയ്ക്കുകയും ഇതിലൂടെ എലികളില്‍ ട്യൂമര്‍ വളരുകയും ചെയ്തു. ഈ എലികളെ റേഡിയേഷന്‍ തെറാപ്പിക്കും കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. ഇതിനുശേഷം അര്‍ബുദ കോശങ്ങള്‍ നശിക്കുകയും ഇവ ചെറിയ കഷ്ണങ്ങളായി(ക്രോമാറ്റിന്‍ പാര്‍ട്ടിക്കിള്‍സ്) മാറിയ ശേഷം രക്തത്തിലൂടെ ഇവ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്തുന്നതായും കണ്ടെത്തി. ആരോഗ്യമുള്ള കോശങ്ങളിലെത്തിച്ചേരുന്ന ഇവ പിന്നീട് അര്‍ബുദമായിത്തീര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് ഗവേഷണത്തില്‍ ബോധ്യമായെന്ന് ഡോ. രാജേന്ദ്ര പറയുന്നു.
ഇതിനെ തടയുന്നതിന് ഡോക്ടര്‍മാര്‍ റെവറട്രോള്‍, കോപ്പര്‍(R+Cu)എന്നിവയ്‌ക്കൊപ്പം പ്രോ ഓക്‌സിഡന്റ് ടാബ് ലറ്റുകള്‍ എലികള്‍ക്കു നല്‍കി. R+Cu ഓക്ജിസന്‍ റാഡിക്കലുകളെ ഉണ്ടാക്കുകയും ഇവ ക്രോമാറ്റിന്‍ പാര്‍ട്ടിക്കിള്‍സിനെ നശിപ്പിക്കുകയും ചെയ്യുന്നു. വായിലൂടെ R+Cu കഴിച്ചാല്‍ വയറ്റില്‍ ഓക്‌സിജന്‍ റാഡിക്കല്‍സ് ഉണ്ടാവുകയും ഉടന്‍ തന്നെ രക്തചംക്രമണത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഓക്‌സിജന്‍ റാഡിക്കലുകള്‍ ക്രോമാറ്റിന്‍ പാര്‍ട്ടിക്കിള്‍സിനെ നശിപ്പിച്ച് അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്തുന്നതു തടയുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
R+Cu യുവിന്റെ മാജിക് എന്നാണ് ഗവേഷണ അവതരണത്തിന് ഗവേഷകര്‍ പേരിട്ടത്. അര്‍ബുദ ചികില്‍സയിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളെ ഈ ഗുളിക അമ്പത് ശതമാനം വരെ കുറയ്ക്കുമെന്നും രോഗം രണ്ടാമതും വരുന്നതിനെ 30 ശതമാനം വരെ തടയുമെന്നും പറഞ്ഞ ഗവേഷകര്‍, പാന്‍ക്രിയാസ്, ശ്വാസകോശം, വായ എന്നിവിടങ്ങളിലെ അര്‍ബുദ ബാധയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണെന്നും വ്യക്തമാക്കി. ഗുളികയ്ക്ക് ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി(എഫ്എസ്എസ്എഐ)യുടെ അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ജൂണ്‍-ജൂലൈ മാസത്തില്‍ ഇത് വിപണിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ബുദ ചികില്‍സയ്ക്ക് ലക്ഷങ്ങളും കോടികളും ചെലവു വരുമ്പോള്‍ ഈ ഗുളിക കേവലം 100 രൂപയ്ക്ക് ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നിന്റെ ഫല, പാര്‍ശ്വഫല പരിശോധന മനുഷ്യരിലും എലികളിലും നടത്തിയെന്നും എന്നാല്‍ രോഗ പ്രതിരോധ പരിശോധന എലികളില്‍ മാത്രമാണ് നടത്തിയതെന്നും വ്യക്തമാക്കിയ ഡോക്ടര്‍ മനുഷ്യരിലെ പരീക്ഷണത്തിന് അഞ്ചുവര്‍ഷം വരെ എടുത്തേക്കാമെന്നും കൂട്ടിച്ചേര്‍ത്തു. സമയ, സാമ്പത്തിക നഷ്ടമെന്നു പലരും വിലയിരുത്തിയ ഗവേഷണമാണ് 10 വര്‍ഷത്തിനു ശേഷം വലിയ വിജയമായി മാറിയിരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരെല്ലാം വലിയ സന്തോഷത്തിലാണെന്നും ഡോക്ടര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





