ഇ പി ജയരാജനെ ബിജെപിയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. സ്വന്തമായി ഒരു ബേസ് ഇല്ലാത്തവരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നത് കൊണ്ട് ബിജെപിക്ക് പേര് ദോഷമല്ലാതെ യാതൊരു ഗുണവും ഉണ്ടാവില്ലെന്നും യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ( TG Mohandas revelations about CPM-BJP alliance )
|
ഏത് പാര്‍ട്ടിയില്‍ പോയാലും ജയിക്കാന്‍ പറ്റുന്ന സ്ഥിരം മണ്ഡലമുള്ള നേതാക്കളെ അടര്‍ത്തിയെടുത്ത് കൊണ്ട് വന്നാലേ പാര്‍ട്ടിക്ക് ഗുണമുള്ളു. കെ എം മാണി, കടന്നപ്പള്ളി രാമചന്ദ്രന്, കൃഷ്ണന് കുട്ടി, ശ്രേയാംസ് കുമാര്‍, ഷിബു ബേബി ജോണ്‍, പ്രേമ ചന്ദ്രന് തുടങ്ങിയവരെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കെ എം മാണി ബിജെപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, അന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന വി മുരളീധരനാണ് അതിന് തടസ്സം നിന്നത്. തന്നേക്കാള്‍ വലിയൊരാള് പാര്‍ട്ടിയിലുണ്ടാവുന്നത് മുരളീധരന് ഇഷ്ടമല്ല. ഇതു കാരണമാണ് ഇല്ലാത്ത കോഴ ആരോപിച്ച് യുവമോര്‍ച്ചക്കാരെ കൊണ്ട് മുരളീധരന് മാണിക്കെതിരേ സമരം ചെയ്യിച്ചതെന്ന് മോഹന്‍ദാസ് തുറന്നടിച്ചു.
സ്വന്തമായൊരു മണ്ഡലം ഇല്ലാത്ത ഇ പി ജയരാജനെ അടര്‍ത്തി എടുത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. അതിന് വേണ്ടി ശ്രമിച്ച കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, ജാവദേക്കര്‍, ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ മണ്ടന്മാരാണെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.
സിപിഎം നേതാക്കളുമായി അടുത്ത ബന്ധം
ഇ പിയെ പോലെ ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരണമെങ്കില്‍ എന്തിനാണ് നന്ദകുമാര്‍ എന്ന് ടി ജി ചോദിച്ചു. മലബാറിലെ പ്രധാന സിപിഎം നേതാക്കളെയൊക്കെ ഏത് പാതിരാത്രിയിലും വിളിക്കാന്‍ മാത്രം ബന്ധമുള്ള നേതാക്കള്‍ ആര്‍എസ്എസില്‍ ഉണ്ട്. ബിജെപി-സിപിഎം സംഘര്‍ഷം ഒഴിവാക്കാന്‍ ഉണ്ടാക്കിയിട്ടുള്ള ഒരു ബന്ധമാണ് അതെന്നും ടിജി മോഹന്‍ദാസ് വെളിപ്പെടുത്തി.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വളരെ മുമ്പേ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പല തിരഞ്ഞെടുപ്പുകളിലും പരസ്പര സഹായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എം വി രാഘവന് കഴക്കൂട്ടത്ത് മല്‍സരിച്ചപ്പോള്‍ തോല്‍പ്പിക്കാന്‍ സഹായം തേടി സിപിഎം ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. പകരം മറ്റേതെങ്കിലും മണ്ഡലത്തില്‍ ബിജെപിയെ സഹായിക്കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തതായും ടിജി പറഞ്ഞു.
1991ലെ കോലീബി സഖ്യം ഇരുപക്ഷത്തെയും നേതാക്കള്‍ അറിഞ്ഞു കൊണ്ട് നടത്തിയ സുതാര്യമായ ബന്ധമായിരുന്നു. അത് പരാജയപ്പെട്ടതു കൊണ്ടാണ് പിന്നീട് അത്തരത്തിലൊന്ന് ഉണ്ടാവാതിരുന്നത്. നന്ദകുമാറിനെപ്പോലുള്ള ഇടിനിലക്കാരെ ഒഴിവാക്കി കേരളത്തിലെ ഇരുമുന്നണികളുമായും നേര്‍ക്കുനേരെ സംസാരിച്ചുള്ള ബന്ധം ഉണ്ടാക്കണമെന്നും ടിജി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.





