30
May 2024
Thu
30 May 2024 Thu

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുകാരനില്‍നിന്ന് പായ്ക്കറ്റ് സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി തന്റെ ജീവനക്കാരനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍. ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്നും 72കാരനും വൃക്കരോഗിയുമായ ശിവകുമാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയിലുണ്ടായിരുന്നതായും ശശി തരൂര്‍ എക്‌സില്‍ പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്നും 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെയാണ് രണ്ടു പേര്‍ പിടിയിലായത്. ഇതില്‍ ഒരാളായ ശിവകുമാര്‍ പ്രസാദാണ് ശശി തരൂര്‍ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

ദുബൈയില്‍നിന്നെത്തിയ ആളുടെ പക്കല്‍നിന്ന് 500 ഗ്രാം സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍നിന്നെത്തിയ ആളെ സ്വീകരിക്കാനാണ് പ്രസാദ് വിമാനത്താവളത്തില്‍ വന്നത്. പ്രസാദിന് എയര്‍ ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉള്ളതിനാല്‍ എയര്‍പോര്‍ട്ട് പരിസരത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും ഇതുപ്രകാരം എയര്‍പോര്‍ട്ട് വളപ്പില്‍ പ്രവേശിച്ച് ഒരു പാക്കറ്റ് സ്വീകരിച്ചപ്പോള്‍ യാത്രക്കാരനൊപ്പം പിടിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്.

Shashi Tharoor respond on hi’s PA Shiv Kumar arrest for smuggling gold