ഫ്രീസറില്‍ വച്ചിരിക്കുന്ന ഇറച്ചി ഐസ് പോകാനായി കുറേ നേരെ പുറത്തെടുത്തു വയ്ക്കുന്നവരാണ് പലരും. (The Dangers of Improper Thawing) എന്നാല്‍ ഈ രീതി ചിലപ്പോള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കാം.
|
ലോകാരോഗ്യ സംഘടന(WHO), യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും(FDA) പോലുള്ള പ്രധാന ഭക്ഷ്യ സുരക്ഷാ സ്ഥാപനങ്ങള്‍ പറയുന്നത്, ഇങ്ങനെ പുറത്ത് വച്ച് ഇറച്ചിയിലെ ഐസ് കളയുമ്പോള്‍, അത് ഹാനികരമായ ബാക്ടീരിയകള്‍ വളരാനും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനും ഇടയാക്കുമെന്നാണ്.
ഇറച്ചി സാധാരണ താപനിലയില്‍ ഐസ് കളയാനായി വയ്ക്കുമ്പോള്‍, അതിന്റെ പുറംഭാഗം വേഗത്തില്‍ ചൂടാകാന്‍ തുടങ്ങും. ഏകദേശം 4.4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ വയ്ക്കുകയാണെങ്കില്‍, ബാക്ടീരിയകള്‍ വളരെ വേഗത്തില്‍ വളരാന്‍ സാധ്യതയുണ്ട്.
സാല്‍മൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ക്ക് വെറും 20 മിനിറ്റിനുള്ളില്‍ ഇരട്ടിയാകാന്‍ കഴിയുമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു.
ഇവ പിന്നീട് വിഷവസ്തുക്കള്‍ (toxins) ഉത്പാദിപ്പിക്കുന്നു. ഇത് ഉള്ളിലെത്തിയാല്‍ രോഗപ്രതിരോധശേഷി കുറയ്ക്കാനും പനി, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ ഭക്ഷ്യവിഷബാധയ്ക്കും കാരണമായേക്കാം.

അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ റൂം ഊഷ്മാവില്‍ വയ്ക്കരുതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (USDA) നിര്‍ദേശിക്കുന്നു.
ഇറച്ചിയുടെ എല്ലാ ഭാഗത്തും ഒരുപോലെ ഐസ് വിട്ടു കിട്ടില്ല എന്നതാണ് അടുത്ത പ്രശ്‌നം. ഇത് ഇറച്ചിയുടെ രുചിയെയും ഘടനയെയും ബാധിക്കും.
ഇറച്ചിയിലെ ഐസ് ശരിയായ രീതിയില്‍ കളയുന്നതിന് പ്രധാനമായും മൂന്ന് വഴികളാണുള്ളത്:
ഫ്രിജില്‍ വച്ച് ഐസ് കളയുക: ഇത് ഏറ്റവും സുരക്ഷിതമായ രീതിയാണ്. ഫ്രീസറില്‍ നിന്ന് ഇറച്ചി എടുത്ത് ഫ്രിജിന്റെ താഴെത്തട്ടില്‍ ഒരു പാത്രത്തില്‍ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാന്‍ സമയമെടുത്തേക്കാം. ഈ രീതിയില്‍ ഐസ് കളയുമ്പോള്‍ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയില്‍ ആയിരിക്കും.
തണുത്ത വെള്ളം ഉപയോഗിച്ച് ഐസ് കളയുക: പെട്ടെന്ന് ഐസ് കളയണമെങ്കില്‍ ഈ രീതി ഉപയോഗിക്കാം. ഇറച്ചി വെള്ളം കയറാത്ത ഒരു ബാഗിലാക്കി, തണുത്ത വെള്ളത്തില്‍ താഴ്ത്തി വെക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഐസ് പോയിക്കിട്ടും. എന്നാല്‍, ഇങ്ങനെ ഐസ് കളഞ്ഞ ഇറച്ചി ഉടന്‍ തന്നെ പാചകം ചെയ്യണം.
മൈക്രോവേവ് ഓവനില്‍ ഐസ് കളയുക: മിക്ക മൈക്രോവേവ് ഓവനുകളിലും ‘defrost'(ഡിഫ്രോസ്റ്റ്) എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തില്‍ ഐസ് കളയാം. പക്ഷെ, ഈ രീതിയില്‍ ഐസ് കളയുമ്പോള്‍ ചിലപ്പോള്‍ ഇറച്ചിയുടെ പുറംഭാഗം വേവാന്‍ സാധ്യതയുള്ളതിനാല്‍ മൈക്രോവേവില്‍ ഐസ് കളഞ്ഞ ഇറച്ചി ഉടന്‍ തന്നെ പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം.


