|
അബു ദാബി: വിമാനത്തില്‍ അതിക്രമം കാണിച്ച യാത്രക്കാരിയെ പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ക്യാബിന്‍ ജീവനക്കാര്‍ സീറ്റില്‍ കെട്ടിയിട്ടു. അബുദാബിയില്‍ നിന്നും മുംബൈയിലേക്ക് വന്ന വിസ്താര ഫ്‌ളൈറ്റിലാണ് സംഭവം. യാത്രക്കാരിയായിരുന്ന ഇറ്റാലിയന്‍ വനിത ഒരു ക്യാബിന്‍ ജീവനക്കാരിയെ അക്രമിക്കുകയും മറ്റൊരാളുടെ മേല്‍ തുപ്പകയും ചെയ്തു. വസ്ത്രം അഴിച്ചതായും വിമാനത്തില്‍ മാലിന്യം വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വനിത ബിസിനസ്സ് ക്ലാസ്സില്‍ ഇരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് തടഞ്ഞ ക്യാബിന്‍ ജീവനക്കാരെ വനിത ആക്രമിക്കുകയായിരുന്നു. വനിതയെ അറസ്റ്റ് ചെയ്ത് മുംബൈ കോടതിയില്‍ ഹാജരാക്കി. അതേസമയം വിമാനം മോശം കാലാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ബാത്‌റൂം ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും ഇതിന് ശേഷം ക്യാബിന്‍ ജീവനക്കാര്‍ സീറ്റില്‍ ബന്ധിപ്പിക്കുകയായിരുന്നെനും യാത്രക്കാരിയുടെ അഭിഭാഷകന്‍ പറഞ്ഞു.



