കൊട്ടാരക്കര: മിത്ത് വിവാദത്തില്‍ വന്‍ വിമര്‍ശനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ എല്ലാവരും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കള്‍ തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഉണ്ണി പറഞ്ഞു.
|
‘ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്നം അവരുടെ പേടിയാണ്. അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറി. ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെന്‍സിറ്റീവും ആണ്. ഞാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല. ഞാന്‍ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത് എന്ന് ചിന്തിക്കണം.
മറ്റ് മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ആരും ഒരു വാക്കു പോലും മിണ്ടില്ല. അത്തരത്തിലാവണം നിങ്ങളും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവര്‍ നാളെ കൃഷ്ണന്‍ മിത്താണെന്ന് പറയും, പിന്നത് ശിവനാകും, അവസാനം നിങ്ങളും മിത്താണെന്ന് പറയും.
ഇനിയെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ വരുമ്പോള്‍ അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാന്‍ കഴിയണം. ഒരു സിനിമ ചെയ്തതിന്റെ പേരില്‍ കുറേയധികം കേട്ടയാളാണ് ഞാന്‍. അതുകൊണ്ടു കൂടി പറയുകയാണ്. ചില കാര്യങ്ങള്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നും. ഹിന്ദു വിശ്വാസികളുടെ സമീപനം അത്തരത്തിലൊന്നാണ്. മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ല പറയുന്നത്. ഹിന്ദുക്കള്‍ അവരുടെ അവസ്ഥ മനസ്സിലാക്കണം. ഗണപതി ഇല്ല എന്നൊരാള്‍ പറയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മള്‍ ശബ്ദമുയര്‍ത്തണം’.
ടെക്നോളജി ഏറെ വികസിച്ച ഈ കാലത്ത് തൂണിലും തുരുമ്പിലും ഹനുമാന്‍ സ്വാമി ഉണ്ടെന്ന് പറഞ്ഞാല്‍ കേട്ടു നില്‍ക്കുന്നയാള്‍ക്ക് ചിരി വരും. ദൈവം എന്ന സങ്കല്പം ജീവിതത്തില്‍ ഏറെ വിഷമഘട്ടങ്ങളില്‍ ആരെങ്കിലുമുണ്ട് എന്ന് പറയാന്‍ വേണ്ടിയുള്ളതാണെന്ന് നല്ല ബോധ്യമുണ്ട്. ആ ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നാണ് പ്രാര്‍ഥന’. ഉണ്ണി പറഞ്ഞു.


