25
Sep 2024
Tue
25 Sep 2024 Tue
Supreme court of India

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേലിന് ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും മനുഷ്യാവാകശ പ്രവര്‍ത്തകരുമാണ് ഹരജി സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതെങ്കിലും രാജ്യത്തേക്കുള്ള കയറ്റുമതി തടയുക എന്നത് തങ്ങളുടെ അധികാര പരിധിക്കു പുറത്താണെന്ന് തിങ്കളാഴ്ച്ച കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ 162ആം അനുഛേദ പ്രകാരം ഇത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തില്‍ പ്പെട്ടതാണ്.

ഇന്ത്യന്‍ കമ്പനികള്‍ അന്താരാഷ്ട്ര കമ്പനികളുമായുണ്ടാക്കിയ കരാറുകള്‍ ലംഘിക്കപ്പെടുന്നത് മറ്റു നിയമപ്രശ്‌നങ്ങള്‍ക്ക് ഇടായാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വിവിധ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരജി നല്‍കിയത്.

ALSO READ: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍; ദൂരുഹത വര്‍ധിക്കുന്നു

അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ചെറി ഡിസൂസ എന്നിവര്‍ മുഖേനെയാണ് ഹരജി സമര്‍പ്പിച്ചത്. ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്താല്‍ അത് വംശഹത്യക്കെതിരായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്റെ ലംഘനമാവുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍ ശര്‍മ്മ ഉള്‍പ്പടെയുള്ള 11 പേരാണ് ഹരജി നല്‍കിയത്. മൂന്നോളം കമ്പനികളാണ് ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതെന്ന് ഹരജിയില്‍ പറയുന്നു. ഇതിനായി നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷന്‍ എന്നിവരാണ് കമ്പനികള്‍ക്ക് ഇത്തരം ലൈസന്‍സ് നല്‍കിയത്. 2024ല്‍ മുനിറ്റേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇസ്രായേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു.

ഇതുകൂടാതെ സ്വകാര്യ കമ്പനികളായ പ്രീമിയര്‍ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദാനി-എല്‍ബിറ്റ് അഡ്വാന്‍സ് സിസ്റ്റം എന്നിവക്കും ആയുധ കയറ്റുമതിക്ക് അനുമതിയുണ്ട്. ആയുധ കയറ്റുമതി നിര്‍ത്താന്‍ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അശോക് കുമാര്‍ ശര്‍മ(റിട്ടയേഡ് ഐഎഫ്എസ്), മീണ ഗുപത്(റിട്ടയേഡ് ഐഎഎസ്), ദേബ് മുഖര്‍ജി(റിട്ടയേഡ് ഐഎഎസ്), അചിന്‍ വനായിക് (റിട്ടയേഡ് പ്രൊഫസര്‍-ഡല്‍ഹി യൂനിവേഴ്സിറ്റി), ജീന്‍ ഡ്രെസി(വിസിറ്റിങ് പ്രൊഫസര്‍-റാഞ്ചി യൂനിവേഴ്സിറ്റി), തോടൂര്‍ മദാബുസി കൃഷ്ണ(സംഗീതജ്ഞന്‍), ഹര്‍ഷ് മന്ദര്‍(മനുഷ്യാവകാശ പ്രവര്‍ത്തകന്‍), നിഖില്‍ ഡേ(മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍), വിജയന്‍ മലൂത്ര ജോസഫ്(റിസര്‍ച്ച് സ്‌കോളര്‍-ഡല്‍ഹി), ഫിറോസ് മിതിബോര്‍വാല(സമാധാന പ്രവര്‍ത്തകന്‍), പ്രകൃതി(ഗവേഷക-ഡല്‍ഹി) എന്നിവര്‍ ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്.

അന്താരാഷ്ട്ര നിമയങ്ങളെയും കരാറുകളെയും ബഹുമാനിക്കുന്നത് സംബന്ധിച്ച ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ ലംഘനമാണ് ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യ-ഇസ്രായേല്‍ ബന്ധം വളരെ ശക്തമായിരുന്നു. ലോകത്ത് ഇസ്രായേലി ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം കടിയാണ് ഇന്ത്യ. ഇന്ത്യന്‍-ഇസ്രായേലി കമ്പനികള്‍ സംയുക്തമായി ആയുധം നിര്‍മിക്കുന്നുണ്ട്.