17
Aug 2023
Thu
17 Aug 2023 Thu

മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുന്‍പും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ചാലിയാര്‍ തീരങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുഴയുടെ തീരത്ത് കാല്‍പ്പാടുകള്‍ കണ്ടതായ വിവരങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകര്‍ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാല്‍പ്പാടുകള്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധനകള്‍ തുടര്‍ന്നു. വിശദ പരിശോധനയും സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി. വനപ്രദേശങ്ങളിലും തോട്ടം മേഖലയിലും ജനവാസ മേഖലയിലും പരിശോധന നടന്നു. എടക്കോടു വനമേഖലയില്‍ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകര്‍ പറഞ്ഞു. ചാലിയാര്‍ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയില്‍ ഭാഗത്തെ ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തെത്തിയത്.

രണ്ടുമാസം മുന്‍പ് പുഴയിലെ തുരുത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. പത്തിലധികം കാല്‍പ്പാടുകളാണ് അന്ന് കണ്ടെത്തിയത്. ഇത്തവണ കൂടുതല്‍ കാല്‍പ്പാടുകളുണ്ട്. കാല്‍പ്പാടുകള്‍ക്ക് നെടുകയും കുറുകെയും 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. പുഴ മുറിച്ചു കടന്ന് താളിപ്പൊയില്‍ ഭാഗത്തെത്തിയ ഇത് തിരികെ വനമേഖലയിലേക്കു തന്നെ പ്രവേശിച്ചെന്നാണ് വനപാലകര്‍ വിലയിരുത്തുന്നത്. വന്യജീവികളെ വേട്ടയാടിയതിന്റെയോ ജനവാസമേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതിന്റെയോ ലക്ഷണങ്ങളൊന്നുമില്ല.

രണ്ടുമാസം മുന്‍പ് മൂവായിരം വനമേഖലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണക്കോട് കോളനിയിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനോടു ചേര്‍ന്നുള്ള വനമേഖലയാണ് എടക്കോട്. നേരത്തെ സ്ഥിരം താവളത്തിലേക്ക് തന്നെ മടങ്ങിയ കടുവ വീണ്ടും എത്തിയതാകാമെന്നാണ് വനപാലകരുടെ നിഗമനം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും തുടര്‍ച്ചയായി ലക്ഷണങ്ങള്‍ കണ്ടതോടെ ക്യാമറകള്‍ സ്ഥാ പിച്ചുള്ള നിരീക്ഷണ സംവിധാനത്തിന് ഡി.എഫ്.ഒയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചെന്നും എടക്കോട് വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ. നാരായണന്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.പി. ദിലീപ്, സി.പി.ഒ. എസ്. രാഹുല്‍, കെ. ശറഫുദീന്‍ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക