23
Aug 2022
Fri
23 Aug 2022 Fri

വൈദികന്റെ വീട്ടിൽ നടന്ന മോഷണം. നഷ്ടപ്പെട്ടത് 48 പവന്റെ സ്വർണാഭരണങ്ങളും 80000 രൂപയും. പരാതി കിട്ടിയതോടെ പൊലീസ് ഉണർന്നു. അന്വേഷണം തകൃതിയായി. പ്രതിയെ പിടിച്ചപ്പോൾ ഞെട്ടിയത് വൈദികനും കുടുംബവും. വൈദികന്റെ മൂത്ത മകനായിരുന്നു പ്രതി.  കോട്ടയത്താണ് സംഭവം. ഫാദർ ജേക്കബ് നൈനാന്റെ മകൻ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നും ഇതിനുള്ള പരിഹാരമായിട്ടാണ് സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷ്ടിക്കേണ്ടി വന്നതെന്ന് ഷൈനോ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം പണം മുഴുവൻ വീടിനോട് ചേർന്ന് ഷൈനോ നടത്തിയിരുന്ന സ്ഥാപനത്തിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പൊലീസ് എത്തി ഇവിടെ നിന്നു പണം കണ്ടെത്തി. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഷൈനോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

ചൊവ്വാഴ്ച വൈകിട്ട് വൈദികനും ഭാര്യ സാലിയും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടത്തിയത്. 48 പവന്റെ ആഭരണങ്ങളും 80,000 രൂപയുമാണ് കളവ് പോയത്. ഇതിൽ 21 പവൻ വീടിനോട് ചേർന്ന ഇടവഴിയിൽ നിന്ന് കണ്ടെത്തി. കട്ടിലിനടിയിൽ വച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് പ്രതി അലമാര തുറന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചത്.

 

മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്തുള്ള ഇടവഴിയിൽ നിന്നും കിട്ടിയപ്പോൾ പ്പോൾ തന്നെ സ്ഥിരം കുറ്റവാളികളല്ല മോഷണത്തിന് പിന്നിലെന്ന സംശയം ഉണർന്നിരുന്നു. കട്ടിലിനടിയിലെ താക്കോൽ എടുത്ത് അലമാര തുറന്നതിനാൽ വീടുമായി അടുപ്പമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നും സംശയം ഉയർന്നിരുന്നു.