25
Jan 2024
Sun
25 Jan 2024 Sun

കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം പ്രതിനിധിയില്ല, മണിപ്പൂരിലെത് പോലൊരു കലാപം കേരളത്തിലും സംഭവിക്കാം; ഓര്‍മപ്പെടുത്തലുമായി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാറിനും സംഘ്പരിവാരിനുമെതിരെ ആക്രമണം ആവര്‍ത്തിച്ച് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. രാജ്യത്തെ സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തില്‍ താറുമാറായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കവി എസ് രമേശന്റെ ഓര്‍മദിനത്തില്‍ പുരോഗമന കലാ സാഹിത്യസംഘം കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏറ്റവും അപകടകരമായ നിലയിലാണെന്നും വ്യവസായികള്‍ മോദിയുടെ സ്തുതിപാഠകരാകുന്നത് ഭയംകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തില്‍നിന്നു കേന്ദ്രമന്ത്രിസഭയില്‍ ഒരു പ്രതിനിധിയുമില്ല. അവര്‍ക്ക് സീറ്റു പോലും നല്‍കുന്നില്ല. ഇതൊന്നും മോദിക്കും സംഘത്തിനും വിഷയമാകുന്നില്ല. രാജ്യത്തിന്റെ കടവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴും ഇതെല്ലാം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാറിന്. മണിപ്പുര്‍ ഇപ്പോഴും സാധാരണ നിലയിലേക്കു മടങ്ങിവന്നിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ഈ വിഷയത്തില്‍ വാര്‍ത്തകളൊന്നും കാര്യമായി പുറത്തുവരുന്നില്ലെന്നും പറഞ്ഞു. ”ഇപ്പോഴിത് തടഞ്ഞില്ലെങ്കില്‍ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങള്‍ നടക്കാം. എവിടെ നടന്നാലും കേരളത്തില്‍ നടക്കില്ല എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകരുത്” അദ്ദേഹം പറഞ്ഞു.

1947 മുതല്‍ 2014 വരെ രാജ്യത്തിന്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഇത് ഉയര്‍ന്നു 150 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്മ കുതിച്ചുയരുന്നു. ഇതാണ് ഇന്നത്തെ യാഥാര്‍ഥ്യം. 1990നു ശേഷം ആദ്യമായി 30 കോടി ജനങ്ങള്‍ വീണ്ടും പട്ടിണിയിലായി. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതു തങ്ങള്‍ 23 കോടി ജനങ്ങളെ പട്ടിണിയില്‍നിന്നു കൈപിടിച്ചു കയറ്റി എന്നാണ്. ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ നില ഏറെ താഴെയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അവകാശവാദം ഈ കണക്കൊക്കെ തെറ്റാണെന്നും അവര്‍ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ്. യാഥാര്‍ഥ്യത്തെ കുറിച്ച് ആരു സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്നതാണു നിലവില്‍ സംഭവിക്കുന്നത്. പട്ടിണി ഇല്ലാതാക്കിയെങ്കില്‍ എന്തുകൊണ്ടാണ് അടുത്ത അഞ്ചു കൊല്ലത്തേക്കു കൂടി പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ തരുന്ന ഒരു കണക്കുകളും ഇപ്പോള്‍ വിശ്വസനീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”അവര്‍ മാനദണ്ഡങ്ങളാണു മാറ്റുന്നത്. മുമ്പ് ഒരു കിലോമീറ്റര്‍ നാലുവരി പാത നിര്‍മ്മിച്ചാല്‍ അത് കണക്കാക്കുന്നത് 1 കിലോമീറ്റര്‍ എന്നായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 4 കിലോമീറ്ററായാണു കൂട്ടുന്നത്. അതു ചൂണ്ടിക്കാട്ടി തങ്ങള്‍ ധാരാളം റോഡ് നിര്‍മ്മിക്കുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്യും” പ്രഭാകര്‍ പറഞ്ഞു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്നാണ് ഡോ. പരകാല പ്രഭാകര് അടുത്തിടെ എഴുതിയ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.