അഞ്ചുവയസ്സുമുതല്‍ 15ാം വയസ്സുവരെ മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ തടവ് വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം പി ഷിബുവാണു ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും കുറ്റവാളിക്കു വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. മകള്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് മുപ്പത്തിയേഴുകാരനായ അച്ഛന്‍ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ പിന്നീട് മകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നുവരികയായിരുന്നു.
|
2023ല്‍ 15ാം വയസ്സില്‍ വച്ച് അച്ഛന്റെ ലൈംഗിക പീഡനം താങ്ങാനാവാതെ വന്നതോടെ കുട്ടി വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. അധ്യാപിക ചൈല്‍ഡ് ലൈന്‍ മുഖേന വിവരം പോലീസിനെ അറിയിക്കുകയും പോക്‌സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
അമ്മയുടെ ബന്ധുക്കളോ അച്ഛന്റെ ബന്ധുക്കളോ ഇല്ലാതിരുന്നതിനാല്‍ പീഡനവിവരം പുറത്തുപറയാന്‍ കുട്ടി ഭയപ്പെട്ടിരുന്നു. ആദ്യഭാര്യയുടെ മരണശേഷം പ്രതി രണ്ടാം വിവാഹം കഴിച്ചിരുന്നു. മകളെ ഭര്‍ത്താവ് പീഡിപ്പിച്ചിട്ടില്ലെന്ന് രണ്ടാം ഭാര്യ കോടതിയില്‍ മൊഴി നല്‍കിയെങ്കിലും ചോദ്യം ചെയ്യലില്‍ അവകാശവാദം പൊളിഞ്ഞിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, അഭിഭാഷകയായ വി സി ബിന്ദു എന്നിവര്‍ ഹാജരായി.


