തിരുവല്ലയില്‍ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കടത്തിക്കൊണ്ടുപോയ കേസില്‍ പിടിയിലായ യുവാക്കളെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂര്‍ അന്തിക്കാട് സ്വദേശികളായ അതുല്‍, അജില്‍ എന്നിവരെയും ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയ ജയരാജ് എന്നിവരെയാണ് തിരുവല്ലയില്‍ എത്തിച്ചത്.(three accused held by police over missing of 15 year old girl from thiruvalla)
|
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുല്‍ പെണ്‍കുട്ടിയെ കൂട്ടുകാരന്റെ സഹായത്തോടെ ബസ്സില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ബസ്സില്‍ പ്രതികള്‍ക്കൊപ്പം പോവുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ചതോടെ ഞായര്‍ പുലര്‍ച്ചെ നാലോടെ അതുല്‍ പെണ്‍കുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു.
ഇതിനു ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ മടങ്ങിപ്പോവുന്നതിനിടെ മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ എ എസ് ഐ ജോജോ ജോസഫ്, സി പി ഒമാരായ അവിനാശ് വിനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


