22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട കലഞ്ഞൂരില്‍ കാര്‍ യാത്രികരായ കുടുംബത്തെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൊടുംതറ രാജീവ് ഭവനിൽ രാജീവ് (43), ഇടത്തറ ചരുവിള പുത്തൻവീട്ടിൽ സബി (43), ഇടത്തറ ചരുവിള പുത്തൻവീട്ടിൽ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്.

 

കലഞ്ഞൂര്‍ ഇടത്തറ ഉദയ ജങ്ഷനില്‍ ഞായറാഴ്ച ഉച്ചയക്ക് 1.30യോടെയായിരുന്നു ആക്രമണം. വിമാനത്താവളത്തിൽ നിന്ന് മുറിഞ്ഞകല്ലിലേക്കു പോവുകയായിരുന്ന മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്, മകൻ അനു, അനുവിന്റെ സുഹൃത്തുക്കൾ എന്നിവർക്കാണ് മർദനമേറ്റത്. ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു മർദനമെന്ന് പരാതിക്കാർ പറയുന്നു. കാർ യാത്രക്കാരെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം പൊലീസുകാരേയും ആക്രമിച്ചത്.

 

മിനിയായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതികളുടെ കാർ പിന്നോട്ട് എടുക്കുന്നതു കണ്ട് മിനി ഹോൺ അടിച്ചതോടെ ഇവർ പ്രകോപിതരാകുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങി മിനിയേയും കുടുംബത്തേയും പിടിച്ചിറക്കി മര്‍ദിക്കുകയും, മിനിയെ കേയേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച മിനിയുടെ കൈ പിടിച്ച് തിരിക്കുകയും പിടിച്ച് തള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.