കോട്ടയം: വൈക്കത്ത് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് 2.69 ലക്ഷം രൂപ തട്ടിയ കേസില്‍ ബി.ജെ.പി. വെള്ളൂര്‍ ഏരിയാ കമ്മിറ്റി മുന്‍പ്രസിഡന്റ് അറസ്റ്റില്‍. മേവെള്ളൂര്‍ ഓലിക്കരയില്‍ എസ്.മനോജ് കുമാറിനെ(49) ആണ് വെള്ളൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
|
കടുത്തുരുത്തി അര്‍ബന്‍ ബാങ്കിന്റെ വെള്ളൂര്‍ ശാഖയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 2023 ആഗസ്തിലാണ് രണ്ടുതവണയായി 2.48 ലക്ഷം രൂപ ഇയാള്‍ വാങ്ങിയത്. ചൊവ്വാഴ്ച ബാങ്ക് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധയിലാണ് മനോജ് കുമാര്‍ ബാങ്കില്‍ പണയം വച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. പലിശ ഉള്‍പ്പെടെ 2.69 ലക്ഷം രൂപ മനോജ് ബാങ്കിന് നഷ്ടമുണ്ടാക്കിയെന്ന് ബാങ്ക് ശാഖാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നു.
അപ്രൈസര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതരുടെ സംശയം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കില്‍ ആറ് മാസത്തില്‍ ഒരിക്കലാണ് സ്വര്‍ണ പണയത്തിന്മേല്‍ വച്ചിരിക്കുന്ന ഉരുപ്പടികളുടെ അപ്രൈസല്‍ നടക്കുന്നത്. കഴിഞ്ഞ ആഗസ്ത് 4നും 11നുമാണ് ഇയാള്‍ ബാങ്കില്‍ പണ്ടവുമായെത്തിയത്. 64 ഗ്രാം സ്വര്‍ണം പൂശിയ 8 വളകളാണ് പണയപ്പെടുത്തിയത്.
മുക്കുപണ്ടമാണെന്ന് അറിയാതെ സുഹൃത്തുതന്ന ഉരുപ്പടികള്‍ ബാങ്കില്‍ പണയംവെയ്ക്കുകയായിരുന്നെന്ന് മനോജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മനോജിനെ കോടതിയില്‍ ഹാജരാക്കി.
ബാങ്കിന് സമീപത്ത് തന്നെ വര്‍ഷങ്ങളായി ബാര്‍ബര്‍ ഷോപ്പ് നടത്തിവരുകയായിരുന്നു പിടിയിലായ മനോജ്.





