തിരുവനന്തപുരം: അവകാശികളില്ലാത്ത പരേതരുടേത് ഉള്‍പ്പെടെ സംസ്ഥാനത്തെ ട്രഷറികളിലെ നിര്‍ജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ.(Three thousand crore rupees without claimants in Kerala treasuries ) ഇത് കൈക്കലാക്കാന്‍ ചില ട്രഷറികളില്‍ ജീവനക്കാര്‍ കരുനീക്കം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാന്‍ സര്‍ക്കാര്‍ നടപടിതുടങ്ങി.
|
മൂന്നുവര്‍ഷമോ അതിലേറെയോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് കണക്കാക്കി അതിലുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പ് ശുപാര്‍ശചെയ്തിരുന്നു.
അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ചില ട്രഷറികളില്‍ നിര്‍ജീവ അക്കൗണ്ടുകളില്‍നിന്ന് പണം തിരിമറി നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കണക്കുകള്‍ പരിശോധിക്കാത്തതിനാല്‍ ഇത്തരം അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാര്‍ പണം പിന്‍വലിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല.
ഇടപാടുകള്‍ നടക്കാത്തതും അവകാശികള്‍ എത്താത്തതുമായ അക്കൗണ്ടുകള്‍ എത്രകാലം നിലനിര്‍ത്തണമെന്നതില്‍ അവ്യക്തതയുണ്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളെ നിര്‍ജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഈ പണം സര്‍ക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം.
റവന്യൂ അക്കൗണ്ടിലേക്ക് മാറ്റിയാലും ഉടമകളോ അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ചുനല്‍കാനും വ്യവസ്ഥചെയ്യണമെന്ന് നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം ഉടന്‍ ഉണ്ടാവും.


